സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമതാ ബാനര്‍ജി പറഞ്ഞ അഞ്ച് കാര്യങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മമത ആദ്യമായാണ് ഡല്‍ഹിയിലെത്തുന്നത്. സോണിയാ ഗാന്ധി, അരവിന്ദ് കെജരിവാള്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി മമത ചര്‍ച്ച നടത്തി.
Update: 2021-07-28 16:00 GMT
ദേശീയ രാഷ്ട്രീയത്തില്‍ പുതിയ പ്രതിപക്ഷ കൂട്ടായ്മക്ക് വഴിതുറന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ വസതിയിലായിരുന്നു ചര്‍ച്ച. കോണ്‍ഗ്രസുമായി ഇടഞ്ഞ് നിന്നിരുന്ന മമത സോണിയയുമായി കൂടിക്കാഴ്ചക്കെത്തിയത് ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നിരക്ക് കരുത്ത് പകരുന്ന നീക്കമാണ്.
സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമതാ ബാനര്‍ജി പറഞ്ഞ അഞ്ച് കാര്യങ്ങള്‍:
- രാഷ്ട്രീയ സാഹചര്യം: സോണിയാ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്‌തെന്നും മമത പറഞ്ഞു.
- പേഗാസസ് ചോര്‍ത്തല്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവും രാജ്യത്തെ കോവിഡ് സാഹചര്യങ്ങളും സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്ന് മമത വ്യക്തമാക്കി.
- സര്‍ക്കാര്‍ മറുപടി പറയണം: പ്രതിപക്ഷം പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മമതാ ബാനര്‍ജി മറുപടി പറഞ്ഞു. പെഗാസസ് വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് അവര്‍ ചോദിച്ചു. മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനങ്ങള്‍ക്ക് സത്യമറിയാന്‍ ആഗ്രഹമുണ്ടാവില്ലേ? സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നതെന്നും മമത ചോദിച്ചു.
- പ്രതിപക്ഷ ഐക്യം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രതിപക്ഷ കൂട്ടായ്മയാണ് സോണിയ-മമത കൂടിക്കാഴ്ചയുടെ പ്രഥമലക്ഷ്യം. കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ച് ചര്‍ച്ച നടത്തിയതായി മമത സ്ഥിരീകരിച്ചു. ഞങ്ങള്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഞങ്ങള്‍ ഒരുമിക്കുക തന്നെചെയ്യും-മമത പറഞ്ഞു.
- വളരെ പോസിറ്റീവായ കൂടിക്കാഴ്ച: സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവായിരുന്നു എന്ന് മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. പോസിറ്റീവായ ഫലം സമീപഭാവിയില്‍ തന്നെ കാണാനാവുമെന്നും മമത വ്യക്തമാക്കി.