ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം; ആർജി കർ മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കൂട്ട രാജി

ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സീനിയർ ഡോക്ടർമാരുടെ രാജി.

Update: 2024-10-08 12:09 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കൂട്ട രാജി. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് 50ഓളം സീനിയർ ഡോക്ടർമാർ രാജിവെച്ചത്. ആഗസ്റ്റ് ഒമ്പതിനാണ് ആർജി കർ ആശുപത്രിയിലെ പിജി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചുവെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു.

കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നിലവിൽ നിരാഹാര സമരത്തിലാണ്. ആർജി കർ ആശുപത്രിയിലെ ഡിപ്പാർട്ട്‌മെന്റ് തലവൻമാരുടെ യോഗത്തിലാണ് മുതിർന്ന ഡോക്ടർമാർ രാജിവെക്കാൻ തീരുമാനിച്ചത്. ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ് തങ്ങളുടെ രാജിയെന്ന് ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

എൻആർഎസ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും രാജിക്ക് ഒരുങ്ങുന്നതായാണ് സൂചന. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അഴിമതി നിറഞ്ഞതാണെന്നും ഇതിന് പരിഹാരം കാണണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. കേസിൽ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സിവിൽ വളണ്ടിയർ സഞ്ജയ് റോയിയെ ഏക പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മരണം വരെ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച ജൂനിയർ ഡോക്ടർമാരുടെ സമരം നാല് ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. തിങ്കളാഴ്ച മുതൽ സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സ്‌കൂൾ വിദ്യാർഥികളും രക്ഷിതാക്കളുമടക്കം ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിൽ എത്തിയിരുന്നു.

രബീന്ദ്ര ഭാരതി സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ ദേബബ്രത ദാസ് തന്റെ ഒമ്പത് വയസുള്ള മകളെയും കൊണ്ടാണ് സമരത്തിനെത്തിയത്. നീതിയുടെയും പോരാട്ടത്തിന്റെയും അർഥം കാണിച്ചുകൊടുക്കാനാണ് താൻ മകളുമായി എത്തിയതെന്ന് ദാസ് പറഞ്ഞു. നീതിക്ക് വേണ്ടിയാണ് ഈ ഡോക്ടർമാർ പോരാടുന്നത്. നീതി ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് തന്റെ മകൾ പഠിക്കണം. തനിക്ക് മകളുടെ കാര്യത്തിൽ ഭയമുണ്ടെന്നും ദേബബ്രത ദാസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News