യാത്രയ്ക്കിടെ വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ചു; 51കാരൻ അറസ്റ്റിൽ
മസ്കത്തിൽ നിന്നും മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച പിടിയിലായത്.
മുംബൈ: വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ച 51കാരൻ അറസ്റ്റിൽ. ഒമാനിലെ മസ്കത്തിൽ നിന്നും മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച യാത്രക്കാരനാണ് അറസ്റ്റിലായത്. ബാലകൃഷ്ണ രാജയനെന്ന യാത്രക്കാരനാണ് പിടിയിലായത്.
രാജയൻ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വിസ്താരയുടെ യുകെ-234 വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
സ്‌മോക്ക് ഡിറ്റക്ടറിൻ്റെ സഹായത്തോടെ ഇത് പൈലറ്റ് കണ്ടെത്തുകയും ഓൺബോർഡ് ക്യാബിൻ ക്രൂവിനെ അറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചയുടൻ ജീവനക്കാർ വാഷ്‌റൂം പരിശോധിച്ചപ്പോൾ വാഷ് ബേസിനിൽ ഒരു സിഗരറ്റ് ബഡ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം, രാജയൻ്റെ അസ്വാഭാവിക പെരുമാറ്റത്തെക്കുറിച്ച് ക്രൂ അംഗങ്ങൾ ഗ്രൗണ്ടിലെ സുരക്ഷാ സൂപ്പർവൈസറെ അറിയിച്ചു. ചോദ്യം ചെയ്യലിൽ, ശുചിമുറിയിൽ പുകവലിച്ചതായി രാജയൻ സമ്മതിച്ചു.
കൂടാതെ സിഗരറ്റ് കത്തിക്കാൻ ഉപയോഗിക്കുന്ന തീപ്പെട്ടിയും ഹാജരാക്കി. തുടർന്ന് ഇയാളെ സാഹർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും സെക്യൂരിറ്റി സൂപ്പർ വൈസർ ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. വിമാനത്തിനുള്ളിൽ പുകവലിച്ച് സുരക്ഷാ നിയമങ്ങൾ ബോധപൂർവം ലംഘിച്ച് ഇയാൾ മുഴുവൻ യാത്രക്കാരെയും അപകടത്തിലാക്കിയെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ യാത്രക്കാരനെതിരെ ഐപിസി 336, എയർക്രാഫ്റ്റ് നിയമത്തിലെ 25 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.