കേരളത്തിന് 57000 കോടി രൂപയുടെ വരുമാന കുറവ് വരുത്തിയോ? ഡീൻ കുര്യാക്കോസിന്‍റെ ചോദ്യത്തിന് ഉത്തരം നൽകാതെ കേന്ദ്രം
ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് ഇനി ആകെ ലഭിക്കാനുള്ളത് 737.88 കോടി രൂപ മാത്രമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സഹ മന്ത്രി ശ്രീ.പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു
ഡൽഹി: കേന്ദ്ര സർക്കാർ കേരളത്തിന് 57000 കോടി രൂപയുടെ വരുമാനക്കുറവ് വരുത്തിയോ എന്ന ഡീൻ കുര്യാക്കോസ് എം.പി യുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി കേന്ദ്ര സർക്കാർ.
വിവിധ വകുപ്പുകളിൽ നിന്നായി കേരളത്തിന് ലഭിക്കേണ്ട 57000 കോടി രൂപ വെട്ടിക്കുറച്ചു എന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. ഇതിലെ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കഴിഞ്ഞ 4 വർഷം കേന്ദ്രം സംസ്ഥാനത്തിന് നൽകിയ നികുതി വിഹിതത്തിൻ്റെയും ജി.എസ്.ടി നഷ്ടപരിഹാരത്തിൻ്റേയും ഗ്രാൻ്റുകളുടെയും മറ്റു സഹായങ്ങളുടെയും രേഖകൾ മാത്രമാണ് നൽകിയത്. ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് ഇനി ആകെ ലഭിക്കാനുള്ളത് 737.88 കോടി രൂപ മാത്രമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സഹ മന്ത്രി ശ്രീ.പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു.