അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച 594 എം.എൽ.എമാർ കോടിപതികൾ
ബി.ജെ.പി പ്രതിനിധികളായി ആകെ വിജയിച്ച 342 എം.എൽ.എമാരിൽ 298 പേർ കോടിപതികളാണ്.
ന്യൂഡൽഹി: അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച 678 എം.എൽ.എമാരിൽ 594 പേരും കോടിപതികൾ. കോടീശ്വരൻമാരിൽ 298 പേരും ബി.ജെ.പിക്കാരാണ്. നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളാണ് സ്ഥാനാർഥികൾ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശ് നിയമസഭയിലെ 230 അംഗങ്ങളിൽ 205 പേരും കോടിപതികളാണ്. രാജസ്ഥാനിൽ വിജയിച്ച 199 പേരിൽ 169 പേരാണ് കോടിപതികൾ. തെലങ്കാനയിൽ 119 എം.എൽഎമാരിൽ 114 പേരും തെലങ്കാനയിൽ 90 എം.എൽ.എമാരിൽ 72 പേരും കോടിപതികളാണ്. മിസോറാമിൽ 40 എം.എൽ.എമാരിൽ 34 പേരാണ് കോടിപതികൾ.
ബി.ജെ.പി പ്രതിനിധികളായി ആകെ വിജയിച്ച 342 എം.എൽ.എമാരിൽ 298 പേർ കോടിപതികളാണ്. അതേസമയം കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച 235 എം.എൽ.എമാരിൽ 209 പേരും ബി.ആർ.എസിന്റെ 39 എം.എൽ.എമാരിൽ 38 പേരും സോറാം പീപ്പിൾസ് മൂവ്‌മെന്റിന്റെ 27 എം.എൽ.എമാരിൽ 22 പേരും കോടിപതികളാണ്.