23 വര്‍ഷം മുമ്പ് 15,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന് ആറു വര്‍ഷം തടവ്
തടവ് ശിക്ഷക്കു പുറമെ ഒന്നര ലക്ഷം രൂപ പിഴയും ലക്നൗവിലെ വിചാരണ കോടതി വിധിച്ചു
ലക്നൗ: 23 വര്‍ഷം മുമ്പ് 15,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ 1989 ബാച്ച് ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസസ്) ഉദ്യോഗസ്ഥന് ആറു വര്‍ഷം തടവുശിക്ഷ. തടവ് ശിക്ഷക്കു പുറമെ ഒന്നര ലക്ഷം രൂപ പിഴയും ലക്നൗവിലെ വിചാരണ കോടതി വിധിച്ചു.
1999 നവംബര്‍ 29ന് ലക്നൗവില്‍ ആദായനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന അരവിന്ദ് മിശ്രയ്‌ക്കെതിരെ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയില്‍ സി.ബി.ഐയാണ കേസെടുത്തിരുന്നത്. അടുത്ത ദിവസം, പരാതിക്കാരനില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ മിശ്രയെ സി.ബി.ഐ കുടുക്കുകയായിരുന്നു. അന്വേഷണത്തിന് ശേഷം ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വ്യത്യസ്ത ഹരജികള്‍ നിലനില്‍ക്കുന്നതിനാല്‍ വിചാരണ കൂടുതല്‍ സമയവും സ്‌റ്റേ ചെയ്യപ്പെട്ടു.
പ്രോസിക്യൂഷന്‍റെ കേസിന്‍റെ മെറിറ്റിനെക്കുറിച്ച് വിചാരണക്കോടതിയെയും ഹൈക്കോടതിയെയും ബോധ്യപ്പെടുത്തുന്നതില്‍ സി.ബി.ഐ വിജയിച്ചു. തുടര്‍ന്ന് പ്രതിയുടെ ഹരജി തള്ളുകയും പ്രതിക്ക് അനുകൂലമായ ഇടക്കാലാശ്വാസം ഒഴിവാക്കുകയും ചെയ്തുവെന്ന് സി.ബി.ഐ വക്താവ് 'ആര്‍.സി ജോഷി പറഞ്ഞു. സി.ബി.ഐ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മിശ്ര കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.