തിങ്കളാഴ്ച മുതൽ വീണ്ടും സ്‌കൂൾ തുറക്കുന്നു; കുട്ടികളെ അയക്കാൻ താൽപര്യമില്ലെന്ന് 64 ശതമാനം രക്ഷിതാക്കൾ

മഹാരാഷ്ട്രയിൽ 5000 ത്തോളം രക്ഷിതാക്കളിൽ നടത്തിയ സർവേ ഫലം പുറത്ത്

Update: 2022-01-23 04:31 GMT
Editor : Lissy P | By : Web Desk
Advertising

കോവിഡ് മഹാമാരിക്കാലത്ത് മഹാരാഷ്ട്രയിൽ 64 ശതമാനത്തോളം രക്ഷിതാക്കളും കുട്ടികളെ സ്‌കൂളുകളിൽ അയക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് സർവേ. സ്‌കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറക്കാനിരിക്കെയാണ് സർവേ ഫലം പുറത്ത് വന്നിരിക്കുന്നത്. 4,976 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളുമായിരുന്നു. 16 ശതമാനത്തോളം രക്ഷിതാക്കളും കുട്ടികളെ സ്‌കൂളുകളിൽ അയക്കാനാണ് താൽപര്യപ്പെടുന്നത്.

കോവിഡ് മൂന്നാം തരംഗത്തിന്റെ അതിതീവ്രവ്യാപനവും ഒമിക്രോൺ രോഗികളുടെ എണ്ണവും ക്രമാതീതമായി കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. ഫെബ്രുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ജനുവരി എട്ടിനാണ് സർക്കാർ അറിയിച്ചത്. എന്നാൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ജനുവരി 24 മുതൽ വീണ്ടും തുറക്കുമന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. ഒന്നുമുതൽ പ്ലസ് ടുവരെയുള്ള ക്ലാസുകളാണ് നാളെ മുതൽ വീണ്ടും ആരംഭിക്കുന്നത്.

ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുംബൈയിലെ സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. പൂനെ, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളിൽ ക്ലാസുകൾ ഓൺലൈനായി തന്നെ തുടരാനാണ് തീരുമാനിച്ചത്. എന്നാൽ അതത് പ്രദേശങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കണോ വേണ്ടയോ എന്ന് അതത് തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകളിൽ വരാൻ ഒരു വിദ്യാർഥികളെയും നിർബന്ധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News