നായ്ക്കളെ ഭയന്നോടി കുഴൽക്കിണറിൽ വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചത്.

Update: 2022-05-22 14:51 GMT
Advertising

ഛണ്ഡിഗഡ്: പഞ്ചാബിൽ കുഴൽക്കിണറിൽ വീണ ആറ് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ ഋതിക് റോഷനാണ് മരിച്ചത്. ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചത്. നായ്ക്കളെ ഭയന്നോടിയ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.  

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പഞ്ചാബിലെ ഹോഷിയാർപൂരിൽ അപകടം ഉണ്ടായത്. മുന്നൂറു അടി താഴ്ചയുള്ള കുഴൽ കിണറിൽ തല കീഴായാണ് കുട്ടി വീണത്. നൂറ് അടി താഴ്ചയിലേക്ക് വരെ കുട്ടിയെത്തിയിരിക്കാമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതോടെ സൈന്യവും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും കുഴൽക്കിണറിനു സമാന്തരമായി തുരങ്കം നിർമിച്ച് രക്ഷാപ്രവത്തനം ആരംഭിച്ചു. തുടര്‍ന്ന് കുഴൽ കിണറിലേക്ക് ക്യാമറയിറക്കി നടത്തിയ പരിശോധനയിൽ 65 അടി താഴ്ചയിലേക്ക് വീണ കുട്ടി അബോധാവസ്ഥയിലാണെന്ന് വ്യക്തമായി. 

രക്ഷാപ്രവർത്തന സമയത്ത് കുട്ടിക്കാവശ്യമായ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ കുട്ടി കയറിൽ നിന്നും വഴുതിപ്പോയത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായതായി എൻ.ഡി.ആർ.എഫ് അസിസ്റ്റൻഡ് കമാൻഡൻറ് അറിയിച്ചു. കുട്ടിയെ കിണറില്‍ നിന്ന് പുറത്തെടുത്ത് ഹോഷിയാർപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News