മത്സരിച്ച് 797 പേർ, വിജയിച്ചത് 73 പേർ; ലോക്‌സഭയിലെത്തിയ വനിത എം.പിമാരുടെ എണ്ണത്തിൽ കുറവ്

വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്

Update: 2024-06-06 08:31 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് 73 വനിതകൾ. 2019 നേക്കാൾ കുറവ് വനിതകളാണ് ഇത്തവണ ലോക്സഭയിലെത്തിയത്. 78 വനിതകളാണ് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ വിജയക്കൊടിപാറിച്ചത് പശ്ചിമ ബംഗാളിലാണ്. 11 വനിതാ എം.പിമാരാണ് ഇത്തവണ പശ്ചിമ ബംഗാളിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 797 വനിതാ സ്ഥാനാർഥികളാണ് ജനവിധി തേടിയിരുന്നത്. ഇതിൽ 69 പേർ ബി.ജെ.പിയുടെയും 41 പേർ കോൺഗ്രസിന്റെയും സ്ഥാനാർഥികളായിരുന്നു.വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ 30 വനിതാ സ്ഥാനാർഥികൾ ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസ് -14,ടിഎംസി-11,സമാജ്വാദി പാർട്ടി-നാല്, ഡിഎംകെ- മൂന്ന്, ജെഡിയു-രണ്ട്, എൽജെപി (ആർ) രണ്ട് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിൽ നിന്ന് വിജയിച്ച വനിതാ എം.പിമാരുടെ കണക്കുകൾ.

13 ശതമാനത്തിലധികമാണ് 18ാം ലോക്‌സഭയുടെ വനിതാഅംഗബലം. 1952ന് ശേഷം ഏറ്റവും കൂടുതൽ വനിതാ അംഗങ്ങളുണ്ടായിരുന്നത് 17-ാം ലോക്സഭയിലായിരുന്നു. 78 പേർ. മൊത്തം അംഗസംഖ്യയുടെ 14 ശതമാനത്തിലധികമായിരുന്നു ഇത്.16-ാം ലോക്സഭയിൽ 64 വനിതകൾ അംഗങ്ങളായപ്പോൾ 15-ാം ലോക്സഭയിലേക്ക് 52 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഒന്നും രണ്ടും ലോക്സഭകളിൽ 24 വനിതാ എംപിമാർ വീതമാണുണ്ടായിരുന്നത്.

ബിജെപിയുടെ ഹേമമാലിനി, ടിഎംസിയുടെ മഹുവ മൊയ്ത്ര, എൻസിപിയുടെ സുപ്രിയ സുലെ, എസ്പിയുടെ ഡിംപിൾ യാദവ് എന്നിവർ ഇത്തവണയും സ്വന്തം സീറ്റ് നിലനിർത്തി.അതേസമയം,ബി.ജെ.പിയുടെ കങ്കണ റണാവത്ത്,ആർ.ജെ.ഡിയുടെ മിഷാ ഭാരി തുടങ്ങിയവർ ആദ്യ വിജയം നേടി ലോക്‌സഭയിലെത്തിയിട്ടുണ്ട്.

 25 കാരിയായ സമാജ്‍വാദി പാർട്ടിയുടെ പ്രിയ സരോജാണ് ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം.കൈരാന സീറ്റിൽ നിന്ന് വിജയിച്ച 29 വയസുള്ള ഇഖ്റ ചൗധരിയാണ് മറ്റൊരു പ്രായം കുറഞ്ഞ വനിതാ എം.പി.

നാം തമിഴർ പാർട്ടി പോലുള്ള പാർട്ടികൾ 50 ശതമാനം വനിതാ സ്ഥാനാർഥികളെ മത്സരിപ്പിച്ചതും ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായിരുന്നു.ലോക് ജനശക്തി പാർട്ടിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും 40 ശതമാനം വനിതാ സ്ഥാനാർഥികളെ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു.ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ബിജു ജനതാദൾ (ബിജെഡി) എന്നീ പാർട്ടികളിൽ 33 ശതമാനം സ്ത്രീ പ്രാതിനിധ്യമാണുണ്ടായിരുന്നത്.രാഷ്ട്രീയ ജനതാദളിന് (ആർജെഡി) 29 ശതമാനവും സമാജ്വാദി പാർട്ടി 20 ശതമാനവും തൃണമൂൽ കോൺഗ്രസ് (ടിഎംസി) 25 ശതമാനവും സ്ത്രീ സ്ഥാനാർഥികളെ മത്സരിപ്പിച്ചു.മൂന്ന് ട്രാൻസ്ജെൻഡർ സ്ഥാനാർഥികൾ സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News