സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു: ലെബനാൻ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം
സിറിയയിലെ ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥനകളും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് സർക്കാർ നടപടി
ദമസ്കസ്: പ്രശ്‌നബാധിത സിറിയയിൽ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാർ സുരക്ഷിതമായി ലെബനാൻ അതിർത്തി കടന്നെന്നും, ഉടൻ തന്നെ കോമേഴ്ഷ്യൽ വിമാനങ്ങളിൽ രാജ്യത്ത് മടങ്ങിയെത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ ഇന്ത്യക്കാരെ മേഖലയിൽ നിന്ന് പുറത്തെത്തിക്കാൻ സർക്കാർ ശ്രമം തുടരുകയാണ്. സിറിയയിലുള്ള ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സിറിയയിലെ ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥനകളും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് സർക്കാർ നടപടി. രാജ്യത്തെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ സെയ്ദ സൈനബിൽ കുടുങ്ങിയ ജമ്മു കശ്മീരിൽ നിന്നുള്ള 44 തീർത്ഥാടകർ അടങ്ങുന്ന സംഘമാണ് നിലവിൽ അതിർത്തി കടന്നിട്ടുള്ളത്.
സിറിയയിൽ തുടരുന്ന ഇന്ത്യക്കാർക്ക് ദമസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനായി +963 993385973 എന്ന ഹെൽപ്പ് ലൈൻ നമ്പറും hoc.damascus@mea.gov.in എന്ന ഇമെയിൽ ഐഡിയും മന്ത്രാലയം നൽകിയിട്ടുണ്ട്. വാട്സാപ്പ് വഴിയും നമ്പറിൽ ബന്ധപ്പെടാം. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ദമസ്കസിലെയും ബെയ്‌റൂട്ടിലേയും എംബസികൾ വഴി ഏകോപിപ്പിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സിറിയയിൽ ഹയാത്ത് തഹ്‌രീർ അൽ-ഷാം ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സേന പന്ത്രണ്ട് ദിവസം കൊണ്ടാണ് സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ വീഴ്ത്തി ഭരണം പിടിച്ചത്. രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ട അസദ് വംശത്തിൻ്റെ ഏകാധിപത്യത്തിനാണ് ഇതോടെ അന്ത്യമായത്. പ്രതിപക്ഷ നീക്കത്തിന് പിന്നാലെ രാജ്യം വിട്ട അസദ് ഇപ്പോൾ റഷ്യയിലാണ്.