സിക്കിം മിന്നൽ പ്രളയം: കാണാതായ 77 പേരെ മരിച്ചതായി കണക്കാക്കും
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക.
ഗാംഗ്‌ടോക്ക്: സിക്കിമിലെ വെള്ളപ്പൊക്കത്തിൽ കാണാതായ 77 പേരെ ദുരന്തം സംഭവിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിനാൽ മരിച്ചതായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറി വി.ബി പഥക്.
ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കാനായി ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും പ്രകൃതിദുരന്തങ്ങളിൽ സ്വീകരിച്ച നടപടിക്രമങ്ങൾ പിന്തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒക്ടോബർ നാലിന് സംസ്ഥാനത്തുണ്ടായ സിക്കിം മിന്നൽ പ്രളയത്തിൽ 77 പേരെയാണ് കാണാതായത്. പിന്നീട് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഇവരെ തിരിച്ചറിയാനായില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക.
മരണസർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കൂ എന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനുവരിയോടെ എല്ലാ തിരോധാന കേസുകളും തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബങ്ങൾ ആദ്യം പൊലീസ് സ്റ്റേഷനിൽ തിരോധാന പരാതി നൽകേണ്ടതുണ്ട്. തുടർന്ന് അത് പത്രങ്ങളിലും സോഷ്യൽമീഡിയയിലും സർക്കാർ ഗസറ്റിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിവിധ തലങ്ങളിൽ വിശദമായി പരിശോധിക്കും- വി ബി പഥക് പറഞ്ഞു.
സിക്കിമിന് പുറത്ത് നിന്നുള്ള ഒരാളെ കാണാതായാൽ, കുടുംബം അവരുടെ സംസ്ഥാനത്തെ പൊലീസിൽ പരാതി നൽകണം. അത് പരിശോധനയ്ക്കായി ഇവിടേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ഒക്ടോബർ നാലിനുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദീതടത്തിൽ മിന്നൽപ്രളയം ഉണ്ടാവുകയായിരുന്നു. 50ലേറെ പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.