കോവിഡിനെ പേടി, എൺപത്തിനാലുകാരൻ വാക്‌സിനെടുത്തത് 11 തവണ
ഓൺലൈനായി ബുക്കിങ് ആവശ്യമില്ലാത്ത വാക്സിൻ വിതരണ ക്യാമ്പുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം അധികൃതരുടെ വിശദീകരണം
പതിനൊന്ന് ഡോസ് കോവിഡ് വാക്സിനെടുത്തെന്ന അവകാശവാദവുമായി 84കാരൻ. ബിഹാറിലെ മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്മദേവ് മണ്ഡലാണ് സർക്കാർ സംവിധാനങ്ങളെ ചോദ്യംചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്സിനെടുത്തത്. കോവിഡിനെ പേടിച്ചാണ് തുടർച്ചയായി കുത്തിവെപ്പെടുത്തതെന്നാണ് മണ്ഡലിന്‍റെ വിശദീകരണം. വാക്സിൻ ഗംഭീരസംഭവമാണെന്നും മണ്ഡല്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
തപാൽവകുപ്പിലെ മുൻ ജീവനക്കാരനായ മണ്ഡൽ കഴിഞ്ഞവർഷം ഫെബ്രുവരി 13-നാണ് ആദ്യകുത്തിവെപ്പെടുത്തത്. തുടര്‍ന്ന് ഡിസംബര്‍ 30വരെയുള്ള വിവിധ തീയതികളിലായി 11 ഡോസ് വാക്സിനെടുത്തു. കേവലം രണ്ടു ദിവസത്തെ ഇടവേളയില്‍ വരെ ഇയാള്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുണ്ട്. പന്ത്രണ്ടാമത്തെ ഡോസെടുക്കുന്നതിനു മുമ്പായാണ് പിടിയിലായത്. എട്ടുതവണ സ്വന്തം ആധാർ കാർഡും ഫോൺ നമ്പറുമാണ് മണ്ഡല്‍ വാക്സിന്‍ ലഭിക്കാന്‍ ഉപയോഗിച്ചത്. ഭാര്യയുടെ ഫോൺ നമ്പറും സ്വന്തം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും മൂന്ന് അവസരങ്ങളില്‍ നൽകി.
ഓൺലൈനായി ബുക്കിങ് ആവശ്യമില്ലാത്ത വാക്സിൻ വിതരണ ക്യാമ്പുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരം ക്യാമ്പുകളിൽ വാക്സിനെടുക്കുന്നവരുടെ ആധാർ വിവരങ്ങളും ഫോൺനമ്പറും പിന്നീടാണ് ഡേറ്റാബേസിലേക്ക് കൂട്ടിച്ചേർക്കുന്നത്. അതിനാല്‍, വിവരങ്ങൾ ആവർത്തിക്കുമ്പോൾ ഇത് നിരസിക്കപ്പെടുകയും ഡോസ് സ്വീകരിച്ച വിവരം രേഖപ്പെടുത്താതെ പോകുകയുമാണ്.