ബിഹാറിൽ ഓപറേഷൻ താമര? 9 കോൺഗ്രസ് എം.എൽ.എമാരെ കാണാനില്ലെന്ന് റിപ്പോർട്ട്

ഇന്നു നടക്കേണ്ട കോൺഗ്രസ് നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതായും സൂചന

Update: 2024-01-28 12:05 GMT
Editor : Shaheer | By : Web Desk
Advertising

പാട്‌ന: നിതീഷ് കുമാർ മറുകണ്ടം ചാടിയതിനു പിന്നാലെ ബിഹാറിൽ കോൺഗ്രസ് ക്യാംപിലും പരിഭ്രാന്തി. കോൺഗ്രസിന്റെ ഒൻപത് എം.എൽ.എമാരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇതേതുടർന്ന് ഇന്നു നടക്കേണ്ട കോൺഗ്രസ് നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.

ഇന്നു രാവിലെ 11നായിരുന്നു കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ, ആകെയുള്ള 19 എം.എൽ.എമാരിൽ പകുതിയിലേറെ പേരെയും ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഉച്ചയ്ക്കും ഇവരെ ബന്ധപ്പെടാനായില്ല. തുടർന്നാണു യോഗം റദ്ദാക്കിയതെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇവരെ ബി.ജെ.പി ചാക്കിട്ടുപിടിക്കാൻ നീക്കം നടത്തുന്നതായുള്ള പേടി കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

അതേസമയം, വൈകീട്ട് അഞ്ചു മണിയോടെ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നടക്കും. ഇതോടൊപ്പം എട്ടു മന്ത്രിമാരും ഇന്ന് അധികാരമേൽക്കും. ബി.ജെ.പിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരും ഇതിൽ ഉൾപ്പെടും. സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാർ. ഇവർക്കു പുറമെ പ്രേംകുമാർ, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, സന്തോഷ് കുമാർ, സുമിത് സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. 5.30ഓടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എൻ.ഡി.എ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

Full View

ഇന്നു രാവിലെ 10നായിരുന്നു ജെ.ഡി.യു എം.എൽ.എമാരുടെയും എം.പിമാരുടെയും യോഗത്തിനു പിന്നാലെ നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. പിന്നാലെ ഗവർണറെ കണ്ടു രാജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ബി.ജെ.പി, എച്ച്.എ.എം നേതാക്കളുമായി എത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. 243 അംഗ സഭയിൽ 128 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷ് അവകാശപ്പെടുന്നത്. ബി.ജെ.പി-78, ജെ.ഡി.യു-45, എച്ച്.എ.എം-നാല്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് എൻ.ഡി.എയ്‌ക്കൊപ്പമുള്ളതെന്നാണ് റിപ്പോർട്ട്.

Summary: 9 Congress MLAs reported missing in Bihar after Nitish Kumar's resignation as the CM: Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News