ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം: 9 പേർ കൊല്ലപ്പെട്ടു
ബൂത്തുകൾ കയ്യേറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീക്കം നടന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വിവിധ സംഘർഷങ്ങളിലായി 9 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടെയും ഓരോ പ്രവര്‍ത്തകരും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്‍റുമാണ് കൊല്ലപ്പെട്ടത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന കേന്ദ്രസേന അക്രമം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പലയിടത്തും ബൂത്തുകൾ കയ്യേറി അക്രമി സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. കുച്ച്ബിഹാറിലെ ബരാവിൽ പ്രൈമറി സ്കൂളിലെ പോളിങ് ബൂത്തിൽ അതിക്രമിച്ച് കയറിയ അക്രമികൾ ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. മുർഷിദാബാദിൽ കോൺഗ്രസ് - തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേന്ദ്രസേന എത്താതെ വോട്ട് രേഖപ്പെടുത്താൻ പോകില്ലെന്ന് നന്ദിഗ്രാമിലെ ഒന്നാം ബ്ലോക്കിലെ നാട്ടുകാർ പ്രഖ്യാപിച്ചു. റെജി നഗർ, തൂഫാൻ ഗഞ്ച്, ഖർഗാവ് എന്നിവിടങ്ങളിൽ തങ്ങളുടെ 3 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
പിഗർച്ചയില്‍ സ്വതന്ത്ര സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധിച്ചു. കുച്ച്ബിഹാറിലെ ബി.ജെ.പി സ്ഥാനാർഥിയായ ബർമന്‍റെ ബൂത്ത് ഏജന്‍റ് മാധവ് വിശ്വാസിനെ തൃണമൂൽ പ്രവർത്തകർ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സി.പി.എം പ്രവർത്തകൻ മരിച്ചതിന് പിന്നാലെ ബസുദേബ്പൂരിൽ പാർട്ടി പ്രവർത്തകർ ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെ തടഞ്ഞു. വാഹനം തടഞ്ഞ ജനങ്ങൾ അക്രമ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് കൈമാറിയതായി ഗവർണർ വ്യക്തമാക്കി.
പർഗാനസ് ജില്ലയിൽ പൊലീസ് പെട്രോൾ ബോംബ് കണ്ടെത്തി. മാൾഡ, ഭാംഗോർ, ലസ്കർപൂർ, സാംസർഗഞ്ച് എന്നിവിടങ്ങളിലുണ്ടായ ബോംബേറിൽ രണ്ട് കുട്ടികൾക്കും പരുക്കേറ്റു. 22 ജില്ലാ പരിഷതുകളിലെ 928 സീറ്റുകളിലേക്കും 9730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 63239 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിൽ 5.67 കോടി പേര്‍ക്കാണ് വോട്ടവകാശമുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 8 മുതൽ ബംഗാളിൽ അക്രമ പരമ്പരകൾ അരങ്ങേറിയ പശ്ചാത്തലത്തിൽ അരലക്ഷത്തിലെറെ കേന്ദ്ര സേന ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ ഇതുവരെ ഇരുപതിലേറെ പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകൾ.
Summary- At least nine people have been killed as rural West Bengal votes for the crucial three-tier panchayat polls today