അഞ്ച് വർഷത്തിനിടെ ലോക്‌സഭയിൽ ഒരക്ഷരം പോലും മിണ്ടാതെ ഒമ്പത് എം.പിമാർ; ആറുപേരും ബി.ജെ.പി പ്രതിനിധികൾ
ഫെബ്രുവരി ഒമ്പതിന് പാർലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് സഭയിൽ മൗനം പാലിച്ച എം.പിമാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെ ലോക്‌സഭയിൽ ഒരക്ഷരം പോലും മിണ്ടാതെ ഒമ്പത് എം.പിമാർ. 2019 ജൂൺ 17നാണ് 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്. ഫെബ്രുവരി ഒമ്പതിന് പാർലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് സഭയിൽ മൗനം പാലിച്ച എം.പിമാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
സഭയിൽ ഒരിക്കൽ പോലും സംസാരിക്കാത്തവരിൽ ആറു പേർ ബി.ജെ.പി പ്രതിനിധികളാണ്. രണ്ടു പേർ ടി.എം.സി എം.പിമാരും ഒരാൾ ബി.എസ്.പി അംഗവുമാണ്. രമേശ് ചന്ദപ്പ ജിഗാജിനാഗി (ബീജാപ്പൂർ, കർണാടക), അതുൽ കുമാർ സിങ് (ഘോഷി, യു.പി), ദിബ്യേന്ദു അധികാരി (തംലുക്, പശ്ചിമ ബംഗാൾ), ബി.എൻ ബച്ചെഗൗഡ (ചിക്കബല്ലപൂർ, കർണാടക), പ്രധാൻ ബറുവ (ലഖിംപൂർ, അസം), സണ്ണി ഡിയോൾ (ഗുർദാസ്പൂർ, പഞ്ചാബ്), അനന്ത് കുമാർ ഹെഗ്‌ഡെ (ഉത്തര കന്നഡ, കർണാടക), വി. ശ്രീനിവാസ പ്രസാദ് ( ചാമരാജനഗർ, കർണാടക), ശത്രുഘ്‌നൻ സിൻഹ (അസൻസോൾ, പശ്ചിമ ബംഗാൾ) എന്നിവരാണ് പാർലമെന്റിൽ അഞ്ചു വർഷം മൗനം പാലിച്ചത്.
ഇവരിൽ ആറു പേർ സഭയിൽ ചില കാര്യങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. ശത്രുഘ്‌നൻ സിൻഹ, അതുൽ കുമാർ സിങ്, രമേശ് ചന്ദപ്പ എന്നിവർ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. എം.പിമാരെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ സ്പീർക്കർ ഓം ബിർല പല ശ്രമങ്ങളും നടത്തിയിരുന്നു. സണ്ണി ഡിയോളിനെ രണ്ടു തവണ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും അവർ തയ്യാറായില്ലെന്നും ദി വയർ റിപ്പോർട്ട് ചെയ്തു.