വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം പേരും ഇന്ത്യയിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്നു; മന്ത്രി

ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ജോഷിയുടെ അഭിപ്രായം

Update: 2022-03-02 02:59 GMT
Editor : Lissy P | By : Web Desk
Advertising

വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിൽ യോഗ്യതാ പരീക്ഷ എഴുതുന്നതിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.വിദേശത്ത് മെഡിക്കൽ ബിരുദം നേടുന്നവർ ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് എക്‌സാമിനേഷൻ (എഫ്എംജിഇ) പാസാകണം. എന്തുകൊണ്ടാണ് വിദ്യാർഥികൾ മെഡിസിൻ പഠിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇത് ശരിയായ സമയമല്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി 'ടൈംസ് ഓഫ് ഇന്ത്യയോട്' പറഞ്ഞു.

ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ജോഷിയുടെ അഭിപ്രായം. യുക്രൈനിൽ മെഡിക്കൽ വിദ്യാർഥികളാണ് കൂടുതലുള്ളത്. മെഡിസിൻ പഠനത്തിനായി വിദേശരാജ്യങ്ങളിൽ പോകേണ്ടതില്ലെന്നും ഇന്ത്യയിൽ തന്നെ പഠിക്കണമെന്നും പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുക്രൈൻ അധിവേശം തുടങ്ങിയ രണ്ടാമത്തെ ദിവസമാണ് മോദി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. മെഡിക്കൽ വിദ്യാഭ്യാസത്തിനായി സ്വകാര്യമേഖലയിൽ കൂടുതൽ സൗകര്യമുണ്ടാക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെയും അഭിപ്രായം വരുന്നത്.

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം തുടങ്ങിയത് മുതൽ വിദ്യാർഥികളാണ് ഏറ്റവും ദുരിതത്തിലായത്. പലരും ദിവസങ്ങളോളം ബങ്കറിൽ അഭയം തേടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂടുതൽ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. ഇനിയും പലയിടങ്ങളിലും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിനിടെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയും കർണാടക സ്വദേശിയായ നവീൻ ( 21 ) കൊല്ലപ്പെട്ടിരുന്നു. നവീനിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News