1000 രൂപ കൈക്കൂലി നൽകാത്തതിനാൽ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല; യു.പിയിൽ ദലിത് യുവതി കുറ്റിക്കാട്ടിൽ പ്രസവിച്ചു

സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലടക്കം വൈറലാണ്

Update: 2023-05-24 09:39 GMT
Advertising

അലിഗഢ്: 1000 രൂപ കൈക്കൂലി നൽകാനാകാത്തതിനാൽ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതിരുന്ന ദലിത് യുവതി കുറ്റിക്കാട്ടിൽ പ്രസവിച്ചു. ഉത്തർ പ്രദേശിലെ അലഗഢിൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിന്റെ പരിസരത്തുള്ള കുറ്റിക്കാട്ടിലാണ് സുമനെന്ന യുവതി പ്രസവിച്ചത്. അലിഗഢ് ജില്ലയിലെ ഇഗ്‌ലാസ് ടൗണിലാണ് ദരിദ്രർക്ക് മികച്ച ആരോഗ്യ സേവനം നൽകുന്നുവെന്ന് അവകാശപ്പെടുന്ന യോഗി ആദിത്യനാഥിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്ന സംഭവം നടന്നത്.

ടൈംസ് ഓഫ് ഇന്ത്യ, ദി പ്രിൻറ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും ദി ദലിത് വോയ്‌സ്.ഓർഗെന്ന സർക്കാറേതര സംഘടനയുടെ പേജായ ദി ദലിത് വോയ്‌സെന്ന ട്വിറ്റർ അക്കൗണ്ടിലും ഇക്കാര്യം വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ ചെയർമാൻ ഇടപെട്ടതിനെ തുടർന്ന് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലടക്കം വൈറലാണ്.

യുവതിയുടെ മുത്തശ്ശി രാംശ്രീ ദേവി സംഭവത്തെ കുറിച്ച് ദി പ്രിൻറിനോട് പറഞ്ഞതിങ്ങനെ:മകൾ സുമനെ വെള്ളിയാഴ്ച രാവിലെയാണ് സി.എച്ച്.സിയിലെത്തിച്ചത്. എന്നാൽ 1000 രൂപ കൈക്കൂലി നൽകാനില്ലാത്തതിനെ തുടർന്ന് നേഴ്‌സും മറ്റു ജീവനക്കാരും മകളെ അഡ്മിറ്റ് ചെയ്തില്ല. ഹെൽത്ത് സെൻററിൽ നിന്ന് പുറത്തിറങ്ങിയതും മകളുടെ വേദന വർധിച്ചു. തുടർന്ന് പ്രദേശത്തുള്ള സ്ത്രീകൾ മകളെ സഹായിച്ചു. സാരി കൊണ്ടുണ്ടാക്കിയ മറയ്ക്കുള്ളിൽ മകൾ പ്രസവിച്ചു.

സംഭവത്തെ തുടർന്ന് നിരവധി സ്ത്രീകൾ ഇഗ്‌ലാസ് മുൻസിപ്പാലിറ്റി ചെയർമാൻ കമലേഷ് ശർമയോട് പരാതി പറഞ്ഞു. ഇതോടെയാണ് അവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവിൽ യുവതിയും കുഞ്ഞും ആശുപത്രിയിലാണുള്ളത്. അലിഗഢ് ഹെൽത്ത് വിഭാഗം സി.എച്ച്.സി സൂപ്രണ്ട് ഡോ് രോഹിത് ഭാട്ടിയക്കും ഇതര ജീവനക്കാർക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അവർ പറയുന്നു.

'ദലിത് യുവതി കുറ്റിക്കാട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി, പ്രസവ വേദന വന്നതിനെ തുടർന്ന് യുവതിയെ സർക്കാർ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ നിസ്സഹായതയും ദാരിദ്ര്യവും കാരണം അവരെ ഡോക്ടർമാർ സ്വീകരിച്ചില്ല. പണമില്ലാത്തതായിരുന്നു കാരണം. ഉത്തർ പ്രദേശിലെ അലിഗഢിലാണ് സംഭവം' സുമന്റെ കുറ്റിക്കാട്ടിൽ പ്രസവിച്ച വീഡിയോക്കൊപ്പം ദി ദലിത് വോയ്‌സ് കുറിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News