ഒരു സുപ്രഭാതത്തിൽ മുടികൊഴിയും, ദിവസങ്ങൾക്കുള്ളിൽ മൊട്ടയാവും; അപൂർവ പ്രതിഭാസത്തിൽ ഞെട്ടി ഗ്രാമീണർ
ഇതുവരെ മൂന്ന് ഗ്രാമങ്ങളിലായി അമ്പത് പേർക്കാണ് മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്
മുംബൈ: ഒരു സുപ്രഭാതത്തിൽ ഇതുവരെ മുടികൊഴിച്ചിൽ അനുഭവിക്കാത്തവരുടെ മുടി കൊടിയാൻ തുടങ്ങുന്നു. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തല മൊട്ടയാവുന്നു അതു പ്രായ, ലിംഗ ഭേദമന്യേ. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് ആളുകളെ ഞെട്ടിച്ച് പുതിയ പ്രതിഭാസം പടർന്നുപിടിച്ചിരിക്കുന്നത്. ഇതുവരെ 50 പേർക്കാണ് ഇതുവരെ പൂർണമായും മുടികൊഴിഞ്ഞിരിക്കുന്നത്. ആളുകളിൽ പരിഭ്രാന്ത്രി പടർന്നതോടെ അധികാരികൾ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മുടികൊഴിച്ചിലിന് പിന്നിൽ അപൂർവരോഗമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് ഇതുവരെ വ്യക്തമായ ചികിത്സ നടത്താനും സാധിച്ചിട്ടില്ല. ഇതുവരെ പ്രതിഭാസം കൽവാദ്, ഹിങ്കണ, ബോന്ത്ഗാവ് എന്നീ ഗ്രാമങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തലമുടി വൻതോതിൽ കൊഴിയാൻ തുടങ്ങിയതോടെ ചിലർ തല മൊട്ടയടിക്കാൻ തുടങ്ങിയിട്ടുണ്ട്. താടി കൊഴിയുന്നതായും റിപ്പോർട്ടുകളുണ്ട്.
ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച ജലം പരിശോധനയക്കായി അയച്ചിട്ടുണ്ട്. ഇതുകൂടാതെ മുടികൊഴിച്ചിൽ ബാധിച്ചവരുടെ ത്വക്ക് സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്.
മുടികൊഴിച്ചിൽ കണ്ടെത്തിയ എല്ലാവരിലും ഫംഗൽ ഇൻഫെക്ഷൻ കണ്ടെത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസങ്ങൾക്കുള്ളിൽ പരിശോധനകളുടെ റിപ്പോർട്ട് വരുമെന്നും ജില്ലാ ഹെൽത്ത് ഓഫീസർ അമോൽ ഗീതെ പ്രതികരിച്ചു. അതുവരെ എന്താണ് മുടികൊഴിച്ചിലിന് കാരണമെന്ന് പറയാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.