യേശുക്രിസ്തുവിനെതിരെ മോശം പരാമർശം; ഛത്തീസ്ഗഢിൽ ബിജെപി എംഎൽഎക്കെതിരെ കേസ്
ജാഷ്പൂർ എംഎൽഎ ആയ രായമുനി ഭഗത്തിനെതിരെ കേസെടുക്കാനാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.
റായ്പൂർ: യേശുക്രിസ്തുവിനെതിരെ പ്രസംഗത്തിൽ മോശം പരാമർശം നടത്തിയ ബിജെപി എംഎൽഎക്കെതിരെ കേസ്. ഛത്തീസ്ഗഢിലെ ജാഷ്പൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് അനിൽകുമാർ ചൗഹാനാണ് ബിജെപി എംഎൽഎ ആയ രായമുനി ഭഗത്തിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎക്ക് കോടതി സമൻസ് അയച്ചു.
2024 സെപ്റ്റംബർ ഒന്ന് ദേഖ്‌നി ഗ്രാമത്തിൽ പ്രാദേശിക ഗോണ്ടി ഭാഷയിൽ നടത്തിയ പ്രസംഗത്തിലാണ് രായമുനി ഭഗത്ത് യേശുവിനെതിരെ മോശം പരാമർശം നടത്തിയത്. ഇതിനെതിരെ ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് എസ്പിക്ക് പരാതി നൽകി. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് മനുഷ്യച്ചങ്ങല അടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്തിയെങ്കിലും പൊലീസ് അനങ്ങിയില്ല. തുടർന്നാണ് അഭിഭാഷകനായ വിഷ്ണു കുൽദീപ് മുഖേന ഹെർമൻ കുജൂർ എന്നയാൾ കോടതിയെ സമീപിച്ചത്.
എംഎൽഎയുടെ പ്രസംഗം വർഗീയ സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎൽഎ പ്രസംഗിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.