സമർപ്പിത സ്വയം സേവകൻ, പരീക്കറുടെ വലംകൈ; ഗോവയെ നയിക്കാൻ വീണ്ടും സാവന്ത്
2012ലും 2017ലും വടക്കൻ ഗോവയിലെ കോൺഗ്രസ് ശക്തികേന്ദ്രമായ ശങ്കാലിം മണ്ഡലത്തിൽനിന്ന് വിജയം കണ്ടാണ് പ്രമോദ് സാവന്ത് ഗോവന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖമാകുന്നത്
ഗോവയിൽ സസ്‌പെൻസുകൾക്ക് അന്ത്യം. മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന് ബി.ജെ.പി ഒരിക്കൽകൂടി അവസരം നൽകി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിങ് തോമാർ, എൽ. മുരുഗൻ എന്നിവരടക്കം പങ്കെടുത്ത യോഗത്തിൽ സാവന്തിനെ ബി.ജെ.പി സഭാനേതാവായി തിരഞ്ഞെടുത്തു.
ഗോവയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസുമെല്ലാം പ്രചാരണം ശക്തമാക്കിയിട്ടും ബി.ജെ.പി കഴിഞ്ഞ തവണത്തെക്കാൾ മികച്ച നേട്ടമാണുണ്ടാക്കിയത്. ആകെ 40 സീറ്റിൽ 20 സീറ്റ് നേടി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണങ്ങളെ മുന്നിൽനിന്ന് നയിച്ചത് മുഖ്യമന്ത്രിയായിരുന്ന സാവന്തായിരുന്നു. അതിനുള്ള അംഗീകാരംകൂടിയായാണ് അദ്ദേഹത്തിന് ഒരിക്കൽകൂടി അവസരം നൽകാൻ ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചത്.
പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം ആദ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സാവന്തിന് തന്നെ ഒരു ഊഴംകൂടി നൽകാൻ ദേശീയനേതൃത്വം തീരുമാനിച്ചത്.
കോൺഗ്രസ് കോട്ട തകർത്ത്, പരീക്കറുടെ വലംകൈയായി
2019ൽ മുതിർന്ന ബി.ജെ.പി നേതാവ് കൂടിയായ മനോഹർ പരീക്കർ അന്തരിച്ച ഒഴിവിലാണ് ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് എത്തുന്നത്. 1973 ഏപ്രിൽ 24ന് ബിച്ചോലിം ഗോവയിലെ കോത്താമ്പിയിൽ ജനിച്ച സാവന്തിന് ആയുർവേദത്തിൽ ബിരുദവും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവുമുണ്ട്.
ബി.ജെ.പിയിലൂടെ സജീവരാഷ്ട്രീയത്തിലെത്തും മുൻപ് തന്നെ ആർ.എസ്.എസിൽ സജീവമായിരുന്നു സാവന്ത്. സമർപ്പിത സ്വയംസേവകനായ ഇദ്ദേഹം പരീക്കറിന്റെ ഇഷ്ടക്കാരനായാണ് ബി.ജെ.പി നേതൃനിരയിലെത്തുന്നത്. അതിന്റെ ഫലമെന്നോണം 2012ലും 2017ലും നിയമസഭാ ടിക്കറ്റും ലഭിച്ചു. രണ്ടുതവണയും വടക്കൻ ഗോവയിലെ കോൺഗ്രസ് ശക്തികേന്ദ്രമായ ശങ്കാലിം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2017ൽ ഗോവ ഫോർവാഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായും ചേർന്ന് പരീക്കർ സർക്കാർ രൂപീകരിച്ചപ്പോൾ സാവന്ത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കെ പരീക്കർ അന്തരിച്ചതോടെ പകരക്കാരനായി എത്തുകയും ചെയ്തു.
ഇത്തവണ മുന്നേറ്റം ഒറ്റയ്ക്ക്
20 സീറ്റ് നേടി ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് വേണ്ടത് ഒരു സീറ്റായിരുന്നു. എന്നാൽ, മൂന്നു സ്വതന്ത്രർ പിന്തുണ ഉറപ്പാക്കിയതിനാൽ ബി.ജെ.പിക്ക് അനായാസം സർക്കാർ രൂപീകരിക്കാനായി. രണ്ട് സീറ്റിൽ വിജയിച്ച എം.ജി.പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബി.ജെ.പി മുന്നണിയിൽ 25 എം.എൽ.എമാരായി.
2017ലെ തെരെഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 ഇടത്ത് ജയിച്ച് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ, ചെറുപാർട്ടികളുടെ പിന്തുണയോടെ 13 സീറ്റ് നേടിയ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു. രണ്ട് വർഷം കഴിഞ്ഞ് കോൺഗ്രസിലെ 15 എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂടുമാറുകയും ചെയ്തു.
Summary: A RSS loyalist, Parrikar supporter Pramod Sawant to continue as Goa CM