ലിംഗായത്ത് വോട്ട് ലഭിക്കുമോ? തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ പ്രതീക്ഷയുമായി കോൺഗ്രസ്

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുങ്ങിയിരിക്കുകയാണ്. ഇത് പാർട്ടിയിൽ ഭിന്നത സൃഷ്ടിക്കുന്നുണ്ട്

Update: 2022-08-03 12:00 GMT
Advertising

ബംഗളൂരു: കർണാടകയിൽ ലിംഗായത്ത് വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസ്.  ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചിത്രംദുർഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠം സന്ദർശിച്ചു. ബിജെപിക്കൊപ്പം നിൽക്കാറുള്ള ലിംഗായത്ത് സമുദായ മഠത്തിലെത്തിയ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന്‌  മഠത്തിലെ സ്വാമി ആശിർവദിച്ചിരുന്നു. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും അച്ഛൻ രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നുവെന്നും ഇപ്പോൾ ലിംഗായത്ത് വിഭാഗത്തെ പരിഗണിക്കുന്ന രാഹുലും പ്രധാനമന്ത്രിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഇത്തരം കാര്യങ്ങൾ പറയരുതെന്നും മഠം അതിനുള്ള വേദിയല്ലെന്നും ഇക്കാര്യം ജനങ്ങൾ തീരുമാനിക്കുമെന്നും സ്ഥാപനത്തിന്റെ പ്രസിഡൻറ് ശ്രീ ശിവമൂർത്തി മുരുഗ ഷരനാരു പ്രതികരിച്ചു.

മുരുഗരാജേന്ദ്ര വിദ്യാപീഠം സന്ദർശിച്ച് ഡോ. ശ്രീ ശിവമൂർത്തി മുരുഘാ ശരണരുവിൽ നിന്ന് 'ഇഷ്ടലിംഗ ദീക്ഷ' സ്വീകരിക്കാൻ കഴിഞ്ഞത് പരമമായ ബഹുമതിയാണെന്നും ഗുരു ബസവണ്ണയുടെ ഉപദേശങ്ങൾ ശാശ്വതമാണെന്നും മഠത്തിലെ ശരണാരിൽ നിന്ന് കൂടുതൽ പഠിക്കാൻ താൻ സന്നദ്ധനാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.



കർണാടകയിലെ ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകൾ പാരമ്പര്യമായി ബിജെപിയോടൊപ്പം നിൽക്കുന്നവരാണ്. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാഹുലിന് ലിംഗായത്ത് മഠത്തിൽ ലഭിച്ച സ്വീകരണത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അടുത്ത വർഷം മേയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ പാർട്ടിയിലും ഐക്യം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഏറ്റവും ഒടുവിൽ 2013 മുതൽ 2018 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസ് 2018 ൽ ജനതാദൾ സെക്കലറുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ തകരുകയായിരുന്നു. നിരവധി എംഎൽഎമാർ സഖ്യം വിട്ടതോടെയാണ് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണത്. പിന്നീട് ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ബി.എസ് യെഡ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രിയാക്കിയെങ്കിലും അടുത്ത വർഷം അതേ സമുദായത്തിലെ ബാസവരാജ് ബൊമ്മൈയെ സർക്കാറിനെ നയിക്കാൻ നിയോഗിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുങ്ങിയിരിക്കുകയാണ്. ഇത് പാർട്ടിയിൽ ഭിന്നത സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന രാഷ്ട്രീകാര്യ സമിതിയിൽ നേതാക്കളോട് പരസ്യപ്രസ്താവനകൾ ഒഴിവാക്കാനും ഐക്യത്തോടെ മുന്നോട്ട് പോകാനുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയിൽ നേതൃപ്രശ്‌നമില്ലെന്നാണ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഹൈക്കമാൻഡും എംഎൽഎമാരും നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ഒമ്പിത് രൂപീകരിക്കപ്പെട്ട സമിതിയുടെ ആദ്യ യോഗമായിരുന്നിത്.

A seer from Karnataka's Lingayat seminary blessed Congress leader Rahul Gandhi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News