സ്വാതി മലിവാൾ കേസ്: കെജ്രിവാളിനെ കുടുക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി

‘ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ വനിതാ എം.പിയെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അയക്കുകയായിരുന്നു’

Update: 2024-05-17 14:45 GMT
Advertising

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിന് അതിക്രമം നേരിട്ടെന്ന കേസിൽ ബി.ജെ.പിക്കെതിരെ ആപ്പ്. ഡൽഹി മുഖ്യമന്ത്രി അരവിദ്ധ് കെജ്രിവാളിന് ജാമ്യം ലഭിച്ചത് മുതൽ ബി.ജെ.പി വിയർക്കുകയാണെന്നും അതിനാൽ അവർ ഗൂഢാലോചന നടത്തിയെന്നും ഡൽഹി മന്ത്രി അതിഷി പറഞ്ഞു.

സ്വാതി നുണ പറയുകയാണ്. ഈ ഗൂഢാലോചനയുടെ മുഖവും നിക്ഷേപവുമാണ് സ്വാതി. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ മെയ് 13ന് രാവിലെ സ്വാതി മലിവാളിനെ ബി.ജെ.പി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലേക്ക് അയച്ചു. മുൻകൂട്ടി അനുമതി എടുക്കാതെയാണ് അവർ വന്നത്.

ബി.ജെ.പി കെജ്രിവാളിനെ കുടുക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ, ആ സമയത്ത് മുഖ്യമന്ത്രി അവിടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിനെതിരെ അവർ ആരോപണം ഉന്നയിച്ചു. താൻ ആക്രമിക്കപ്പെട്ടുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഇന്ന് പുറത്തുവന്ന വീഡിയോയിൽ അവർ മുഖ്യമന്ത്രിയുടെ വീട്ടിൽ സുഖമായി ഇരിക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമാണ് കാണുന്നത്. ബൈഭവ് കുമാറിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. അവരുടെ വസ്ത്രം വലിച്ചുകീറിയതായോ തലക്ക് പരിക്കേറ്റതായോ അതിൽ കാണാനാകില്ലെന്നും അതിഷി പറഞ്ഞു.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിൽ നിന്നും താൻ അതിക്രമം നേരിട്ട സംഭവത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കരുതെന്ന് സ്വാതി മലിവാൾ വെിള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ഗുരുതര ആരോപണവുമായി പാർട്ടി തന്നെ രംഗത്തുവരുന്നത്.

വെള്ളിയാഴ്ച ഡൽഹി തീസ് ഹസാരി കോടതി മലിവാളിന്റെ മൊഴി രേഖപ്പെടുത്തി. കൂടാതെ ഡൽഹി പൊലീസും ഫോറൻസിക് സംഘവും മുഖ്യമന്ത്രിയുടെ വസതിയിലെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അതേസമയം, സ്വാതി മലിവാളിനെതിരെ ബൈഭവ് കുമാറും പരാതി നൽകിയിട്ടുണ്ട്. 

 അതിഷിയുടെ പ്രസ്താവന സ്വാതി മലിവാൾ തള്ളി. ആംആദ്മി പാർട്ടി യൂട്ടേൺ അടിക്കുകയാണെന്നും ഒരു ഗുണ്ടയെ സംരക്ഷിക്കാൻ പാർട്ടി കൂട്ടുനിൽക്കുകയാണെന്നും സ്വാതി മലിവാൾ പറഞ്ഞു. ബൈഭവിനെ രക്ഷിക്കാൻ എന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടി താൻ ഒറ്റയ്ക്ക് പോരാടുകയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും സ്വാതി മലിവാൾ പറഞ്ഞു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News