ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍റെ വീട് കയ്യേറ്റ ഭൂമിയില്‍, നാളെ ബുള്‍ഡോസറുമായി വരും: എ.എ.പി നേതാവ്
'കയ്യേറ്റം ഒഴിയാൻ നാളെ 11 മണി വരെ സമയം നൽകുന്നു'
ഡല്‍ഹി: ബി.ജെ.പിയുടെ ഡൽഹി അധ്യക്ഷനെതിരെ ആം ആദ്മി പാർട്ടി. ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്തയുടെ വീട് സ്ഥിതി ചെയ്യുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് എ.എ.പി നേതാവ് ദുർഗേഷ് പതക് ആരോപിച്ചു. കയ്യേറ്റം ഒഴിയാൻ നാളെ 11 മണി വരെ സമയം നൽകുന്നു. ഒഴിഞ്ഞില്ലെങ്കില്‍ ബുൾഡോസറുമായി വരുമെന്ന് എ.എ.പി നേതാക്കൾ മുന്നറിയിപ്പ് നൽകി.
നേരത്തെ ഡല്‍ഹിയില്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ നടത്തിയ ഒഴിപ്പിക്കലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചത്. ബി.ജെ.പി അധ്യക്ഷന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ സ്കൂളിന്‍റെ ഭൂമിയിലാണെന്നും എ.എ.പി ആരോപിച്ചു. വീടും ഓഫീസും കയ്യേറ്റ ഭൂമിയിലാണെന്ന് പരാതി നല്‍കിയിട്ടും കോര്‍പറേഷന്‍ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ട് ഇനി തങ്ങള്‍ തന്നെ ബുള്‍ഡോസറുമായെത്തി വീട് പൊളിക്കുമെന്നാണ് എ.എ.പി നേതാവിന്‍റെ മുന്നറിയിപ്പ്.
എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ബുള്‍ഡോസര്‍ വാക്പോര്. ബുൾഡോസർ ഭീഷണി മുഴക്കി ജനങ്ങളുടെ പണം തട്ടാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഡല്‍ഹിയില്‍ 63 ലക്ഷം വീടുകൾ തകർക്കാനാണ് ബി.ജെ.പി പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കാതിരിക്കണമെങ്കില്‍ 5-10 ലക്ഷം രൂപ നല്‍കണണമെന്നാണ് ബി.ജെ.പി ജനങ്ങളോട് ആവശ്യപ്പെടുന്നതെന്ന് ദുർഗേഷ് പതക് പറഞ്ഞു.
റോഹിങ്ക്യകളും ബംഗ്ലാദേശികളുമാണ് ഭൂമി കയ്യേറിയിരിക്കുന്നതെന്ന് ആദേശ് ഗുപ്ത ആരോപിച്ചു. അനധികൃത കോളനികളിൽ അനധികൃത കുടിയേറ്റക്കാർക്ക് എ.എ.പി നേതാക്കൾ അഭയം നൽകുകയും അവരെ കലാപത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഡൽഹി സർക്കാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് പരിഗണന നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കണം. അതിലൂടെ ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കണമായിരുന്നുവെന്നും ആദേശ് ഗുപ്ത പറഞ്ഞു.