മസാജ് ചികിത്സയുടെ ഭാഗം; സത്യേന്ദ്ര ജെയിനിന് വി.ഐ.പി പരിഗണനയെന്ന ആരോപണം തള്ളി എ.എ.പി
തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദ്ര ജെയിനിന് തലയും കാലും മസാജ് ചെയ്തുകൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ന്യൂഡൽഹി: എ.എ.പി നേതാവ് സത്യേന്ദർ ജെയിനിന് ജയിലിൽ മസാജ് ചെയ്തു കൊടുക്കുന്നത് ചികിത്സയുടെ ഭാഗമെന്ന് എ.എ.പി. ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് സത്യേന്ദർ ജെയിനിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. മരുന്നിനൊപ്പം ചികിത്സയുടെ ഭാഗമായി അക്യുപ്രഷർ മസാജും നടത്തിയിരുന്നതായി എ.എ.പി വ്യക്തമാക്കി. കള്ളപ്പണക്കേസിൽ ജയിലിലായ സത്യേന്ദർ ജെയിനിന് വി.വി.ഐ.പി സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
ജെയ്‌നിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെയ്‌നിന്് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജാമ്യം നിഷേധിച്ചത്. കേസിൽ മന്ത്രിക്ക് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് വ്യക്തമാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങൾ പഴയതാണെന്ന് തിഹാർ ജയിൽ അധികൃതർ പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എ.എ.പി മന്ത്രിസഭയിൽ ആരോഗ്യം, ആഭ്യന്തര, ഊർജ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന സത്യേന്ദർ ജെയിനിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മെയ് 30നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.