കേണലും ക്യാപ്റ്റനുമിറങ്ങി എന്നിട്ടും..; ഉത്തരാഖണ്ഡിൽ നിലം തൊടാതെ ആംആദ്മി പാര്‍ട്ടി

ബി.ജെ.പിയിലേയും കോൺഗ്രസിലേയും ആഭ്യന്തര പ്രശ്‌നങ്ങൾ കൊണ്ട് പ്രശ്‌ന കലുഷിതമായ ഉത്തരാഖണ്ഡിൽ മുന്നേറ്റമുണ്ടാക്കാമെന്നായിരുന്നു ആം.ആദ്മി പാർട്ടി കരുതിയിരുന്നത്

Update: 2022-03-10 14:06 GMT
Advertising

കേണൽ അജയ് കോതിയാലിനെ ഇറക്കി ഇക്കുറി ഉത്തരാഖണ്ഡിൽ മുന്നേറ്റമുണ്ടാക്കാൻ ആംആദ്മി പാർട്ടി നടത്തിയ നീക്കം പാളി. സംസ്ഥാനത്ത് പാർട്ടിക്ക് ഒരിടത്ത് പോലും അക്കൗണ്ട് തുറക്കാനായില്ല. ബി.ജെ.പിയിലേയും കോൺഗ്രസിലേയും ആഭ്യന്തര പ്രശ്‌നങ്ങൾ കൊണ്ട് പ്രശ്‌ന കലുഷിതമായ ഉത്തരാഖണ്ഡിൽ മുന്നേറ്റമുണ്ടാക്കാമെന്നായിരുന്നു ആം ആദ്മി പാർട്ടി കരുതിയിരുന്നത്. ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ സംസ്ഥാനത്ത് നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയത്.

മുൻ കരസേനാംഗമായിരുന്ന ക്യാപ്റ്റൻ അജയ് കോതിയാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് പാർട്ടി അവതരിപ്പിച്ചത്. ഗംഗോത്രി മണ്ഡലത്തിൽ നിന്നാണ് കോതിയാല്‍ ജനവിധി തേടിയത്. എന്നാൽ ഫലം പുറത്ത് വന്നപ്പോള്‍ മണ്ഡലത്തിൽ കോതിയാലിന് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. ബി.ജെ.പി യുടെ സുരേഷ് സിങ് ചൗഹാനാണ് ഗംഗോത്രി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായി. 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണകൂടത്തിന് അധികാരത്തുടർച്ചയുണ്ടാവുന്നത്. നിലവിൽ ബി.ജെ.പി 48 സീറ്റുകളിലും കോൺഗ്രസ് 18 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. 

രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രത്തെയാണ് ബി.ജെ.പി തിരുത്തിയെഴുതിയത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു ലീഡുയർത്തിയത്. ഒരു ഘട്ടത്തിൽ ഇരുപാർട്ടികളും 14 വീതം സീറ്റുകളിൽ ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറിയിരുന്നത്. എന്നാല്‍ ഉച്ചയോടെ ചിത്രം മാറി. ലീഡുയര്‍ത്തിയ ബി.ജെ.പി പിന്നീട് ഒരിക്കല്‍ പോലും താഴേക്ക് പോയില്ല.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News