സച്ചിൻ പൈലറ്റിനെ സ്വാഗതം ചെയ്ത് എ.എ.പിയും ആർ.എൽ.പിയും
രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല എന്നതാണ് എ.എ.പി അഭിമുഖീകരിക്കുന്ന പ്രശ്നം
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ തുറന്ന പോരിനിറങ്ങിയ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ലോക്‍താന്ത്രിക് പാര്‍ട്ടിയും. സച്ചിന്‍ പൈലറ്റ് അഴിമതിക്കെതിരെ എന്ന പേരില്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയതിനു പിന്നാലെയാണ് എ.എ.പിയും ആര്‍.എല്‍.പിയും സച്ചിന്‍ പൈലറ്റിനു മുന്‍പില്‍ വാതില്‍ തുറന്നിട്ടത്. ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ സമരം.
ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിക്കുകയാണെങ്കിൽ അദ്ദേഹവുമായി സഖ്യമുണ്ടാക്കുമെന്ന് ആര്‍.എല്‍.പി അധ്യക്ഷനും എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു- "ഷെഖാവതി, മർവാർ മേഖലകളിൽ ആർ.എൽ.പിക്ക് സ്വാധീനമുണ്ട്. സച്ചിന്‍ പൈലറ്റ് ഞങ്ങളോടൊപ്പം വന്നാൽ കിഴക്കൻ രാജസ്ഥാനിൽ ശക്തമായ നിലയിലാകും. സർക്കാർ രൂപീകരിക്കാൻ പോലും ഞങ്ങള്‍ക്ക് കഴിയും".
രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല എന്നതാണ് എ.എ.പി അഭിമുഖീകരിക്കുന്ന പ്രശ്നം. ആം ആദ്മി പാർട്ടിയുടെ രാജസ്ഥാന്‍റെ ചുമതലയുള്ള വിനയ് മിശ്ര ട്വീറ്റ് ചെയ്തതിങ്ങനെ- "ഇന്ന് ആരെങ്കിലും രാജസ്ഥാന്‍ കൊള്ളയടിച്ചിട്ടുണ്ടെങ്കിൽ അത് വസുന്ധര രാജെയുടെയും അശോക് ഗെഹ്‍ലോട്ടിന്റെയും സഖ്യമാണ്. ഇതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് രാജസ്ഥാനാണ് (അഞ്ച് ലക്ഷം കോടി രൂപ). ഇന്ന് വിദ്യാസമ്പന്നനായ സച്ചിൻ പൈലറ്റ് അവരുടെ കൂട്ടുകെട്ട് തുറന്നുകാട്ടുകയാണ്. അതിനാൽ രാജസ്ഥാനിലെ ജനങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കണം".
അതേസമയം സച്ചിന്‍ പൈലറ്റിന്‍റെ ആരോപണങ്ങളോട് അശോക് ഗെഹ്‍ലോട്ട് പ്രതികരിച്ചിട്ടില്ല. രാജസ്ഥാനെ സാമ്പത്തികമായി രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ 2030ലാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളൊന്നും വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തെ കാണാന്‍ സച്ചിന്‍ പൈലറ്റ് ബുധനാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ ഗാന്ധി കുടുംബാംഗങ്ങളെയോ ഇതുവരെ കണ്ടില്ല. രാജസ്ഥാന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സുഖ്ജീന്ദർ സിംഗ് രൺധാവ സച്ചിന്‍ പൈലറ്റിന്റെ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചു. പൈലറ്റ് വിഷയം പരസ്യമാക്കുന്നതിന് മുമ്പ് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"സച്ചിന്‍ പൈലറ്റിന്‍റെ ആശങ്കകൾ ശരിയാണെങ്കിലും അദ്ദേഹം പ്രശ്നം ഏറ്റെടുത്ത രീതി തെറ്റാണ്. നിയമസഭാ സമ്മേളനത്തിൽ പൈലറ്റ് വിഷയം ഉന്നയിക്കേണ്ടതായിരുന്നു. അതൊരു മികച്ച വേദിയായിരുന്നു. അദ്ദേഹത്തിന് മുഖ്യമന്ത്രിയിൽ നിന്ന് ഉത്തരം ലഭിക്കുമായിരുന്നു"- സുഖ്ജീന്ദർ സിംഗ് രൺധാവ പറഞ്ഞു.
പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ രാജസ്ഥാനിലെ മുൻകാല രാഷ്ട്രീയ കലഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "നടപടികൾ നേരത്തെ എടുക്കേണ്ടതായിരുന്നു. പക്ഷേ അത് നടന്നില്ല. ഇപ്പോൾ നടപടികൾ സ്വീകരിക്കും" എന്നായിരുന്നു രണ്‍ധാവയുടെ മറുപടി. ഇന്ന് സച്ചിന്‍ പൈലറ്റുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു- "ജയ്പൂരിൽ നടന്ന സംഭവങ്ങളെല്ലാം ഞാൻ പരിശോധിക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയുടെ ക്യാമ്പും എന്തെങ്കിലും തെറ്റായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഒരു പക്ഷപാതവുമില്ലാതെ ഞാൻ പരിശോധിക്കും".
Summary- AAP, RLP keep door open for ex-Rajasthan deputy CM Sachin Pilot