ഗുജറാത്തിൽ എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്: കെജ്‍രിവാള്‍
ഐ.ബി റിപ്പോർട്ടിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും രഹസ്യയോഗങ്ങൾ നടത്തുകയാണെന്ന് കെജ്‍രിവാൾ
ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഇതുസംബന്ധിച്ച് ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്നാണ് കെജ്‍രിവാള്‍ അവകാശപ്പെട്ടത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ ജനങ്ങള്‍ പിന്തുണ നല്‍കണമെന്ന് കെജ്‍രിവാൾ അഭ്യര്‍ഥിച്ചു.
"ലഭിക്കുന്ന വിവരം അനുസരിച്ച്, ഒരു ഐബി റിപ്പോർട്ട് വന്നിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരിയ ഭൂരിപക്ഷം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗുജറാത്തിലെ ജനങ്ങൾ പിന്തുണയ്ക്കണം" എന്നാണ് കെജ്‍രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഐ.ബി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും രഹസ്യയോഗങ്ങൾ നടത്തുകയാണെന്നും കെജ്‍രിവാൾ പറഞ്ഞു. ബി.ജെ.പിയാണ് റിപ്പോർട്ടിനെ കൂടുതൽ ഭയപ്പെടുന്നത്. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം. കോൺഗ്രസ് ശക്തിപ്പെട്ടാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഘടിക്കുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും കെജ്‍രിവാള്‍ പറഞ്ഞു. എ.എ.പിയുടെ പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. ഗുജറാത്തിലെ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും കെജ്‍രിവാൾ പറഞ്ഞു. ഗുജറാത്ത് സന്ദർശനത്തിനിടെയാണ് കെജ്‍രിവാളിന്‍റെ പ്രതികരണം.
ഗുജറാത്തില്‍ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഓരോ പശുവിന്റെയും പരിപാലനത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജ്‍രിവാളിന് ഒപ്പമുണ്ടായിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റാലികളെ അഭിസംബോധന ചെയ്യാനാണ് ഇരു നേതാക്കളും എത്തിയത്.