ബി.ജെ.പി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്തയ്ക്കെതിരായ സമരം ശക്തമാക്കാനൊരുങ്ങി ആം ആദ്മി
കയ്യേറിയ ഭൂമി തിരിച്ച് നൽകിയില്ലെങ്കിൽ ഇന്ന് ആദേശ് ഗുപ്തയുടെ വീട്ടിലേക്ക് ബുൾഡോസറുമായി എത്തുമെന്നാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്
ഡല്‍ഹി: കയ്യേറ്റം ആരോപിച്ച് ബി.ജെ.പി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്തയ്ക്കെതിരായ സമരം ശക്തമാക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. കയ്യേറിയ ഭൂമി തിരിച്ച് നൽകിയില്ലെങ്കിൽ ഇന്ന് ആദേശ് ഗുപ്തയുടെ വീട്ടിലേക്ക് ബുൾഡോസറുമായി എത്തുമെന്നാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് മുഴുവൻ എം.എൽ.എമാർക്കും ആം ആദ്മി പാർട്ടി അറിയിപ്പ് നൽകിയിട്ടുണ്ട്.
വെസ്റ്റ് പട്ടേൽ നഗറിൽ സ്കൂളിന്‍റെ ഭൂമി കയ്യേറിയ ആദേശ് ഗുപ്തയ്ക്കെതിരെ മുൻപും കോർപ്പറേഷന് പരാതി നൽകിയിട്ടുണ്ട് എന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം. ഇന്ന് പതിനൊന്ന് മണിക്ക് കയ്യേറ്റം പൊളിച്ച് നീക്കണമെന്നും അല്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് കയ്യേറ്റം തങ്ങൾ തന്നെ പൊളിച്ച് നീക്കുമെന്നുമാണ് ആം ആദ്മി പാർട്ടി നൽകിയ മുന്നറിയിപ്പ്. ആദേശ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെക്കൻ ഡൽഹി കോർപ്പറേഷൻ പ്രഖ്യാപിച്ച കയ്യേറ്റ നിർമാർജന യജ്ഞം ഇന്നലെ ആണ് അവസാനിച്ചത്.
നഗരത്തിന്‍റെ ഭംഗി ഇല്ലാതാക്കാനും 63 ലക്ഷം വീടുകൾ തകർക്കാനും ബി.ജെ.പി ലക്ഷ്യം വെച്ചിരുന്നതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം.