എ.എ.പിയുടെ ഗുജറാത്തിലെ വോട്ടുവിഹിതം സിസോദിയയെ റെയ്ഡ് ചെയ്തതിന് ശേഷം കൂടി: കെജ്‍രിവാള്‍

'എ.എ.പിയുടെ 49 എം.എല്‍.എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എ.എ.പിയെ തകര്‍ക്കാനുള്ള നീക്കം കേന്ദ്രത്തിന് തിരിച്ചടിയാകും'

Update: 2022-09-01 08:30 GMT
Advertising

ഡല്‍ഹിയിലെ എ.എ.പി ജനപ്രതിനിധികള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. എ.എ.പിയുടെ 49 എം.എല്‍.എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എ.എ.പിയെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കം അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്നും കെജ്‍രിവാള്‍ പറഞ്ഞു.

മനീഷ് സിസോദിയക്കെതിരെ നടന്ന റെയ്ഡിന് ശേഷം ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം 4 ശതമാനം വർധിച്ചെന്ന് കെജ്‍രിവാള്‍ അവകാശപ്പെട്ടു. അറസ്റ്റ് ചെയ്താല്‍ അത് 6 ശതമാനമായി ഉയരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെയാണ് കെജ്‌രിവാൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ഓപറേഷന്‍ താമര പരാജയപ്പെട്ടെന്നും കെജ്‌‍രിവാള്‍ പറഞ്ഞു. ഒരു എം.എല്‍.എ പോലും എ.എ.പി വിട്ട് ബി.ജെ.പിക്കൊപ്പം പോയില്ല. നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ കഴിഞ്ഞു. 62 എ.എ.പി എം.എല്‍.എമാരില്‍ 59 പേര്‍ സഭയില്‍ ഹാജരായിരുന്നു. സഭയില്‍ ഇല്ലാതിരുന്നത് മൂന്നു പേര്‍ മാത്രമാണ്. രണ്ടു പേര്‍ വിദേശത്തും മൂന്നാമന്‍ സത്യേന്ദര്‍ ജെയിന്‍ ജയിലിലാണെന്നും കെജ്‍രിവാള്‍ വിശദീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണ്. ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ സര്‍ക്കാരുകളെ മറിച്ചിട്ട ശേഷം ബി.ജെ.പി ഡല്‍ഹിയില്‍ എത്തിയെന്നും കെജ്‍രിവാള്‍ ആരോപിച്ചു.

ഡല്‍ഹിയിലെ എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് അതിഷി മെര്‍ലേന എം.എല്‍.എ ആരോപിച്ചു. ബി.ജെ.പി രാജ്യത്ത് ഓപറേഷന്‍ താമരയിലൂടെ 277 എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിച്ചു. സ്വന്തം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ എം.എല്‍.എമാര്‍ക്ക് പണവും കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനവുമാണ് നല്‍കുന്നതെന്നും അതിഷി പറഞ്ഞു.

ഇന്ധന വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം ബി.ജെ.പി 'ഓപറേഷന്‍ താമര'യ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് അവസാനിപ്പിച്ചാല്‍ ഇന്ധനവില കുറയും. ഓപറേഷന്‍ താമരയ്ക്ക് വേണ്ടി ബി.ജെ.പി 6300 കോടി രൂപയാണ് വിനിയോഗിച്ചതെന്നും അതിഷി പറഞ്ഞു.

ഏതെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണം നഷ്ടമായാല്‍ ഓപറേഷന്‍ താമര തുടങ്ങുകയായി. സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് എം.എല്‍.എമാരെ കുരുക്കിലാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതിന് പിന്നാലെ സ്വന്തം പാര്‍ട്ടി വിട്ട് ബി.ജെ.പി പാളയത്തിലെത്താന്‍ എം.എല്‍.എമാര്‍ക്ക് പണവും കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനവും നല്‍കുന്നുവെന്നും അതിഷി ആരോപിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News