'സ്പീക്കര്‍ക്കുനേരെ പേപ്പര്‍ കീറിയെറിഞ്ഞു'; എ.എ.പിയുടെ ഏക ലോക്‌സഭാ അംഗത്തിന് സസ്‌പെൻഷൻ

എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങിനെയും സസ്‌പെൻഡ് ചെയ്തിരുന്നു

Update: 2023-08-03 16:22 GMT
Editor : Shaheer | By : Web Desk

സുശീല്‍ കുമാര്‍ റിങ്കു

Advertising

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ ഏക ലോക്‌സഭാ എം.പിക്ക് പാർലമെന്റിൽനിന്ന് സസ്‌പെൻഷൻ. പഞ്ചാബിലെ ജലന്ദറിൽനിന്നുള്ള അംഗമായ സുശീൽകുമാർ റിങ്കുവിനെയാണ് സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. സഭയുടെ നടുത്തളത്തിൽ ഇറങ്ങി പേപ്പർ കീറിയെറിഞ്ഞതിനാണു നടപടി.

ഡൽഹി ഓർഡിനൻസിനു പകരമുള്ള ഡൽഹി സർവിസസ് ബില്ലിനെതിരെയായിരുന്നു സുശീൽകുമാറിന്റെ പ്രതിഷേധം. ബിൽ പാസായതിനു പിന്നാലെ സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കർക്കുനേരെ പേപ്പർ വലിച്ചുകീറുകയായിരുന്നു. വർഷകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിനങ്ങളിൽ സസ്‌പെൻഷൻ തുടരും.

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷിയാണ് സുശീൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് സ്പീക്കർ ഓം ബിർല സഭയുടെ അംഗീകാരം തേടുകയും സസ്‌പെൻഷൻ പ്രഖ്യാപിക്കുകയുമായിരുന്നു.

ഇത് രണ്ടാമത്തെ ആംആദ്മി പാർട്ടി എം.പിക്കാണ് ഇത്തവണ സമ്മേളനത്തിനിടെ സസ്‌പെൻഷൻ ലഭിക്കുന്നത്. നേരത്തെ എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് സഭയ്ക്കകത്ത് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി.

Summary: AAP's lone Lok Sabha MP Sushil Kumar Rinku suspended for entire Monsoon session

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News