പാര്‍ലമെന്‍റ് പരിസരത്ത് വച്ച് ആം ആദ്മി എം.പി രാഘവ് ഛദ്ദയെ കാക്ക ആക്രമിച്ചു; പരിഹസിച്ച് ബി.ജെ.പി
മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സമയത്താണ് പാര്‍ലമെന്‍റ് പരിസരത്ത് വച്ച് രാഘവിന് കാക്കയുടെ ആക്രമണമുണ്ടാകുന്നത്
ഡല്‍ഹി: ആം ആദ്മി എം.പി രാഘവ് ഛദ്ദയെ പാര്‍ലമെന്‍റിന് പുറത്ത് കാക്ക ആക്രമിക്കുന്നതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സമയത്താണ് പാര്‍ലമെന്‍റ് പരിസരത്ത് വച്ച് രാഘവിന് കാക്കയുടെ ആക്രമണമുണ്ടാകുന്നത്.
രാഘവ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കാക്ക അദ്ദേഹത്തെ കടന്നുപോകുന്നതും പിന്നീട് വന്ന് തലയില്‍ കൊത്തുന്നതുമാണ് ചിത്രത്തിലുള്ളത്. കൊത്തു കൊണ്ട എം.പി തല കുനിക്കുന്നതും കാണാം. സംഭവം ബി.ജെ.പി രാഘവിനെ പരിഹസിക്കാനുള്ള ഒരായുധമാക്കി മാറ്റി. 'കള്ളം പറയരുത്, അല്ലാത്തപക്ഷം ഒരു കാക്ക നിങ്ങളെ കൊത്തും. ഇന്നുവരെ ഞങ്ങൾ അത് കേട്ടിട്ടേയുള്ളൂ. നുണ പറയുന്നവനെ കാക്ക കൊത്തുന്നത് ഇന്ന് നമ്മള്‍ കണ്ടു'' ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഡല്‍ഹി ബി.ജെ.പി ട്വീറ്റ് ചെയ്തു. ബി.ജെ.പി നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയും രാഘവ് ഛദ്ദയെ ആക്രമിക്കുന്ന കാക്കയുടെ ഫോട്ടോ ട്വീറ്റ് ചെയ്തു."ബഹുമാനപ്പെട്ട എംപി രാഘവ് ഛദ്ദ ജിയെ കാക്ക ആക്രമിച്ചെന്ന വാർത്ത കേട്ട് എന്‍റെ ഹൃദയം വേദനിക്കുന്നു. നിങ്ങൾ ആരോഗ്യവാനാണെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് ബഗ്ഗ കുറിച്ചത്.
അതിനിടെ, ലോക്‌സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സർക്കാർ നേരിടാൻ ഒരുങ്ങുകയാണ്.മണിപ്പൂർ വിഷയത്തിൽ കോൺഗ്രസും ബി.ആർ.എസുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ചർച്ചയ്ക്കുള്ള ദിവസവും സമയവും സ്പീക്കറും തീരുമാനിക്കും.മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.ചർച്ചയ്ക്ക് തയ്യാറാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിനെ അഭിസംബോധന ചെയ്യുമെന്നും സർക്കാർ അറിയിച്ചുവെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഈ നിർദേശം തള്ളി.