കെജ്‌രിവാളിനെ ജയിലിൽ വെച്ച് കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാര്‍ട്ടി
കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്‌സേനയും കെജ്‍രിവാളിന്‍റെ ജീവൻ വച്ചുകളിക്കുകയാണെന്ന് രാജ്യസഭാ എം.പി സഞ്ജയ് സിങ് ആരോപിച്ചു
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി. കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്‌സേനയും കെജ്‍രിവാളിന്‍റെ ജീവൻ വച്ചുകളിക്കുകയാണെന്ന് രാജ്യസഭാ എം.പി സഞ്ജയ് സിങ് ആരോപിച്ചു.
"ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അദ്ദേഹം തിഹാർ ജയിലിൽ കഴിയുന്നത്. കേജ്രിവാൾ കൂടുതൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ആരോപിച്ചത്. ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്," സഞ്ജയ് സിങ് പറഞ്ഞു.
ജയിൽ അധികൃതർ കെജ്‍രിവാളിന്‍റെ മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന്‍റെ അഭിഭാഷകന് നൽകിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ കുറഞ്ഞിട്ടുണ്ടെന്നാണ് അത് കാട്ടുന്നത്. ഈ നില തുടർന്നാൽ അദ്ദേഹത്തിന് ജയിലിനുള്ളിൽ വച്ച് എന്തും സംഭവിക്കാമെന്ന് റിപ്പോർട്ടിൽ തന്നെ വ്യക്തമാണെന്നും സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.
കെജ്‍രിവാളിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ലഫ്. ഗവർണറും ബി.ജെ.പിയും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. കെജ്‍രിവാളിനെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു ജനപ്രതിനിധി സ്വന്തം ജീവൻ അപായപ്പെടുത്തി തന്നെ വിശ്വസിക്കുന്ന ജനങ്ങളെ അനാഥരാക്കില്ല. ലഫ്. ഗവർണറുടെ നിർദേശമനുസരിച്ചാണ് കെജ്‍രിവാളിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തിഹാർ ജയിൽ അധികൃതർ തെറ്റായ റിപ്പോർട്ടുകൾ പുറത്തു വിടുന്നത്. ലഫ്. ഗവർണർ ഇത്തരം കള്ളറിപ്പോർട്ടുകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുകയാണെന്നും സഞ്ജയ് സിങ് ആരോപിച്ചു.
മദ്യനയ അഴിമതിയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റുചെയ്തത്. പിന്നീട് ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ കെജ്‌രിവാൾ തിഹാർ ജയിലിലാണ്.