'അഞ്ചു നേരം നിസ്‌കരിക്കുന്ന, ഹജ്ജ് ചെയ്ത നല്ല മനുഷ്യൻ'; അബ്ബാസിനെ ഓർത്തെടുത്ത് മോദിയുടെ സഹോദരങ്ങൾ

മോദിയുടെ സഹോദരന്‍ പങ്കജ് ഭായിയുടെ സഹപാഠിയായിരുന്നു അബ്ബാസ്

Update: 2022-06-19 07:14 GMT
Editor : abs | By : Web Desk
Advertising

അഹമ്മദാബാദ്: നരേന്ദ്രമോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസിനെ ഓർത്തെടുത്ത് പ്രധാനമന്ത്രിയുടെ സഹോദരങ്ങൾ. അഞ്ചു നേരം നിസ്‌കരിക്കുന്ന, ഹജ്ജ് ചെയ്ത നല്ല മനുഷ്യൻ എന്നാണ് മോദിയുടെ ഇളയ സഹോദരൻ പങ്കജ് ഭായ് അബ്ബാസിനെ വിശേഷിപ്പിച്ചത്. സ്‌കൂളിൽ അബ്ബാസിന്റെ സഹപാഠിയായിരുന്നു പങ്കജ്. ഇന്ത്യൻ എക്‌സ്പ്രസ് പത്രമാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

അമ്മ ഹീരാ ബെന്നിന്റെ നൂറാം ജന്മവാർഷിക ദിനത്തിൽ എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അബ്ബാസിനെ കുറിച്ച് പരാമർശിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അബ്ബാസ് എന്ന 'കഥാപാത്ര'ത്തെ കുറിച്ചുള്ള നിരവധി കഥകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയും ചെയ്തു.

മെഹ്‌സാനയിലെ കെസിംപ ഗ്രാമത്തിലെ അബ്ബാസ് മിയാൻജിഭായ് റംസാദ മുഅ്മിൻ എന്നയാളാണ് തങ്ങൾക്കൊപ്പം താമസിച്ചിരുന്നതെന്ന് പങ്കജ്ഭായിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് പറയുന്നു.

'അഞ്ചു നേരം നമസ്‌കരിക്കുന്ന ഹജ് ചെയ്ത നല്ല മനുഷ്യനാണ്' അബ്ബാസ് എന്നാണ് പങ്കജ്ഭായ് പറയുന്നത്. 'അബ്ബാസിന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. അവന്റെ ഗ്രാമത്തിൽ ഹൈസ്‌കൂൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അവൻ പഠനം നിർത്താൻ ആലോചിച്ചു. അച്ഛനാണ് അവന്റെ പഠനം പൂർത്തീകരിക്കാൻ ഞങ്ങൾക്കൊപ്പം നിന്നു പഠിക്കട്ടെ എന്നു പറഞ്ഞത്. എട്ട്-ഒമ്പത് ക്ലാസുകൾ ഞങ്ങൾക്കൊപ്പം നിന്നാണ് അവൻ പൂർത്തിയാക്കിയത്.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പങ്കജിന്റെ സഹപാഠിയായിരുന്നു അബ്ബാസെന്ന് പ്രധാനമന്ത്രിയുടെ മൂത്ത സഹോദരൻ സോംഭായിയും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു വർഷത്തോളം അബ്ബാസ് തങ്ങളുടെ വീട്ടിൽ താമസിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി ബ്ലോഗിൽ കുറിച്ച ആഘോഷത്തെ കുറിച്ച് പങ്കജ് ഭായ് ഓർത്തെടുക്കുന്നത് ഇങ്ങനെ;

'അബ്ബാസ് ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. ആഘോഷങ്ങളിൽ അമ്മ അവന് പ്രത്യേക ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിരുന്നു. മുസ്‌ലിംകൾ കറുപ്പണിഞ്ഞ് ആചരിക്കുന്ന മുഹർറത്തിൽ എന്റെ കറുത്ത ഷർട്ടാണ് അബ്ബാസ് ധരിച്ചിരുന്നത്' - പങ്കജ് ഭായ് കൂട്ടിച്ചേർത്തു.

ആസ്‌ത്രേലിയയിൽ ചെറിയ മകനൊപ്പമാണ് ഇപ്പോൾ അബ്ബാസ് താമസിക്കുന്നത്. ഗുജറാത്ത് സർക്കാറിലെ ക്ലാസ് ടു ജീവനക്കാരനായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് സർവീസിൽനിന്ന് വിരമിച്ചത്. ഭക്ഷ്യ സിവിൽ സപ്ലൈസ് ഡിപ്പാർട്‌മെന്റിലെ ജീവനക്കാരനായിരുന്നു. അബ്ബാസിന് രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ മെഹ്‌സാന ജില്ലയിലെ ഖേരാലുവിലാണ് താമസം. ചെറിയ മകൻ ആസ്‌ത്രേലിയയിലും.

അബ്ബാസിനെ കുറിച്ച് മോദി

'മറ്റുള്ളവരുടെ ആഹ്‌ളാദങ്ങളിൽ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അസമയത്തുള്ള അദ്ദേഹത്തിന്റെ മരണശേഷം എന്റെ അച്ഛൻ സുഹൃത്തിന്റെ മകൻ, അബ്ബാസിനെ വീട്ടിൽ കൊണ്ടുവന്നു. ഞങ്ങൾക്കൊപ്പം താമസിച്ചാണ് അവൻ പഠനം പൂർത്തിയാക്കിയത്. ഞങ്ങൾ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വർഷവും പെരുന്നാളിൽ അമ്മ അവന് ഇഷ്ടപ്പട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളിൽ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങൾ ആസ്വദിക്കുമായിരുന്നു' - സ്വന്തം ബ്ലോഗിൽ മോദി എഴുതി. 


അബ്ബാസിന്‍റെ ഗുജറാത്തിലെ വീട്

അമ്മ എന്ന പേരിൽ ശനിയാഴ്ചയാണ് ബ്ലോഗ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. അമ്മ നിഘണ്ടുവിലെ വെറുമൊരു വാക്കല്ലെന്നും സ്നേഹം, ക്ഷമ, വിശ്വാസം തുടങ്ങി ഒരുപാട് വികാരങ്ങളുടെ സമ്മേളനമാണ് എന്നും പറഞ്ഞാണ് പ്രധാനമന്ത്രി കുറിപ്പ് ആരംഭിക്കുന്നത്. അമ്മ കുട്ടികൾക്ക് ജന്മം നൽകുക മാത്രമല്ല, അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും പരുവപ്പെടുത്തുകയും ചെയ്യുന്നു. ഇതിനായി സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു- മോദി എഴുതുന്നു.

'ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അമ്മയുടെ കുട്ടിക്കാലം അങ്ങേയറ്റം പ്രാരാബ്ധങ്ങൾ നിറഞ്ഞതായിരുന്നു. വട്നഗറിൽ ഞങ്ങളുടെ കുടുംബം ഒരു ജനൽ പോലുമില്ലാത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ടോയ്ലറ്റും ബാത്ത് റൂമും ആഡംബരം. അമ്മയും അച്ഛനും ഞാനും സഹോദരങ്ങളും ആ വീട്ടിലാണ് കഴിഞ്ഞത്. നാലു മണിക്ക് അച്ഛൻ ജോലിക്ക് പോകും. പ്രദേശത്തെ അമ്പലത്തിൽ പ്രാർത്ഥിച്ചാണ് ചായക്കട തുറന്നിരുന്നത്.' - പ്രധാനമന്ത്രി എഴുതി. 

അബ്ബാസിനെ കുറിച്ച് മോദി ബ്ലോഗില്‍ എഴുതിയത്

'വീട്ടുചെലവുകൾ നവൃത്തിച്ചു കിട്ടാനായി അടുത്ത വീട്ടിലെ പാത്രങ്ങൾ കഴുകിയിരുന്നു അമ്മ. അധിക വരുമാനത്തിന് വേണ്ടി ചർക്കയിൽ നൂൽ നെയ്തു. മറ്റുള്ളവരെ ഒരിക്കൽ പോലും ആശ്രയിച്ചില്ല. മഴക്കാലം വരുമ്പോഴാണ് മൺവീടിലെ ബുദ്ധിമുട്ട് ആരംഭിക്കുക. എന്നാൽ അതൊന്നും അമ്മ അറിയിക്കാതിരിക്കാൻ ശ്രദ്ധിച്ചു. മഴയത്ത് വീട് ചോർന്നിരുന്നു. വീട്ടിൽ നിറയെ വെള്ളമായിരിക്കും. മഴവെള്ളം ബക്കറ്റും പാത്രങ്ങളും വെച്ചാണ് അമ്മ ശേഖരിച്ചിരുന്നത്. അടുത്ത കുറച്ചു ദിവസത്തേക്ക് ഈ വെള്ളമാണ് അമ്മ ഉപയോഗിക്കാൻ എടുക്കുക. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണമേതാണ്!'- മോദി കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News