സനാതന സംസ്കാരം ദുരുപയോഗം ചെയ്യുന്നത് പ്രതിപക്ഷത്തിന്‍റെ ഫാഷനായി മാറിയിരിക്കുന്നു : യോഗി ആദിത്യനാഥ്
യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ലഖ്‍നൗ: സനാതന സംസ്കാരത്തെ ദുരുപയോഗം ചെയ്യുന്നതും ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതും പ്രതിപക്ഷ നേതാക്കളുടെ ഫാഷനായി മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സമാജ്‌വാദി പാർട്ടിയുടെ അനുയായികൾ ശ്രീരാമൻ്റെ ഭക്തർക്ക് നേരെ വെടിയുതിർക്കുകയും തീവ്രവാദികൾക്കായി 'ആരതി' ഉഴിയുകയും ചെയ്യുന്നു. കുറ്റക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവർ രാമഭക്തരുടെ മരണം ആഘോഷിക്കുകയും ഗുണ്ടാസംഘങ്ങളുടെ വിയോഗത്തിൽ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നു'' ആദിത്യനാഥ് പറഞ്ഞു. പുതിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കുന്നുവെന്നും ശക്തിയോടെ പ്രതികരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തിൻ്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതും സനാതന സംസ്കാരത്തെ ദുരുപയോഗം ചെയ്യുന്നതും പ്രതിപക്ഷത്തിന് ഫാഷനായി മാറിയെന്ന് സീതാപൂർ, മിസ്രിഖ് പാർലമെൻ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കവെ ബി.ജെ.പി നേതാവ് ആരോപിച്ചു.
ശ്രീരാമനെയും കൃഷ്ണനെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ എങ്ങനെ അംഗീകരിക്കും? ആത്യന്തികമായി, രാജ്യത്തെ ജനങ്ങളാണ് അവരുടെ വോട്ടിലൂടെ പ്രതികരിക്കുക, ആദിത്യനാഥ് പറഞ്ഞു.സീതാപൂരിലെ തീർത്ഥാടന കേന്ദ്രമായ നൈമിഷാരണ്യയുടെ വികസനത്തിനായി ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാർ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഇന്ത്യയുടെ വിഭജനത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട രാഷ്ട്രമായ പാകിസ്ഥാനിൽ ആളുകൾ പട്ടിണിയിലാണെന്ന് ‘പാകിസ്താനെ പിന്തുണയ്ക്കുന്നവർ’ അറിയട്ടെ'' പ്രതിപക്ഷത്തെ പരിഹസിച്ച് ആദിത്യനാഥ് പറഞ്ഞു. അവിടെ ഒരു കിലോഗ്രാം മൈദയ്ക്ക് വേണ്ടി സമരം നടക്കുമ്പോൾ ഇന്ത്യയിൽ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു.'നമ്മുടെ എംഎൽഎമാരും എംപിമാരും പാവപ്പെട്ടവരോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. അവശതയനുഭവിക്കുന്നവർക്ക് ചികിൽസയ്ക്കാവശ്യമായ സൗകര്യങ്ങളും സാമ്പത്തിക സഹായവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. എസ്പിയുടെയും കോൺഗ്രസിൻ്റെയും ഭരണകാലത്ത് ഈ ഫണ്ടുകൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെട്ടു,” ആദിത്യനാഥ് ആരോപിച്ചു.