‘വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു’; അച്ഛനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാൻ മകൻ കാത്തിരുന്നത് 22 വർഷം

വാഹനാപകടത്തെ പറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയിലേക്കെത്തിച്ചത്

Update: 2024-10-05 10:18 GMT
Advertising

അഹമ്മദാബാദ്: വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചതിനെ പറ്റി നടത്തിയ അന്വേഷണം ചുരുളഴിച്ചത് 22 വർഷം അച്ഛനെ കൊന്നതിനുള്ള മകന്റെ പ്രതികാരമാണെന്ന് ക​ണ്ടെത്തി. ട്രാഫിക് പൊലീസ് വാഹനാപകടമാണെന്ന് കണ്ടെത്തി കേസ് ഡയറി ​ക്ലോസ് ചെയ്യാനൊരുങ്ങുന്നതിനിടെ പൊലീസുകാരനുണ്ടായ സംശയമാണ് കേസിന്റെ ഗതി മാറ്റിയത്.

ഒക്‌ടോബർ ഒന്നിന് അഹമ്മദാബാദിലെ ബോഡക്‌ദേവ് പ്രദേശത്ത് സുരക്ഷാ ജീവനക്കാരനായ നഖത്‌സിൻഹ് അർജുൻസിങ് ഭാട്ടിയ (50) പിക്കപ്പ് വാഹനം ഇടിക്കുകയും തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോകാനൊരുങ്ങിയ വാഹനത്തെ തടഞ്ഞ നാട്ടുകാർ ഡ്രൈവർ ഗോപാൽ ഹരിസങ് ഭാട്ടിയെന്ന 30കാരനെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കേസിൽ തുടരന്വേഷണം നടക്കുന്നതിനിടയിലാണ് 22 വർഷം മുമ്പ് നടന്ന കൊലപാതകവുമായി വാഹനാപകടത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഡ്രൈവർ ഗോപാലും അപകടത്തിൽ മരിച്ച അർജുൻസിങ് ഭാട്ടിയയും രാജസ്ഥാൻ സ്വദേശികളാണെന്നും ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടെന്നും കണ്ടെത്തി.

തുടർന്നുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയിലേക്ക് പൊലീസിനെ എത്തിച്ചത്. വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ 22 വർഷം മുമ്പ് ഗോപാലിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധമുണ്ടെന്ന് ആരോപണം നേരിട്ടിരുന്ന ആളായിരുന്നു അർജുൻസിങ് ഭാട്ടിയ. അന്ന് ഗോപാലിന് എട്ട് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിതാവിൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഗോപാൽസിങ് മനഃപൂർവം അർജുൻസിങ് ഭാട്ടിയയെ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി കേ​ന്ദ്രീകരിച്ച് പൊലീസ് നടത്തിയ അ​ന്വേഷണത്തിലും കൊലപാതകമാണെന്ന സംശയത്തിന് തെളിവ് ലഭിച്ചു. കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ കേസ് ബോഡക്‌ദേവ് സ്‌റ്റേഷനിലേക്ക് മാറ്റി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News