ജഡ്ജിയുടെ വ്യാജ ഒപ്പുണ്ടാക്കി ഹൈക്കോടതിയെ കബളിപ്പിച്ച് മുൻകൂർ ജാമ്യം നേടി വ്യാജരേഖാ കേസ് പ്രതി
ബോംബെ ഹൈക്കോടതിയെ തന്നെ കബളിപ്പിച്ചാണ് പ്രതി അറസ്റ്റിൽ നിന്ന് രക്ഷപെട്ടത്.


മുംബൈ: പലതരം വ്യാജരേഖ ചമയ്ക്കലുകളും കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായൊരു വ്യാജരേഖ ചമയ്ക്കലിനാണ് പൂനെയിലെ ഒരു കോടതി സാക്ഷിയായത്. വ്യാജരേഖ ചമയ്ക്കൽ, പകർപ്പവകാശ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതോടെ കീഴ്ക്കോടതി ജഡ്ജിയുടെ ഉത്തരവ് തന്നെ വ്യാജമായി നിർമിച്ച് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി മുങ്ങിയിരിക്കുകയാണ് ഒരു പ്രതി.
ഹരിഭാവു ചെംതെ എന്നയാളാണ് ഇത്തരമൊരു തട്ടിപ്പ് നടത്തി ബോംബെ ഹൈക്കോടതിയെ തന്നെ കബളിപ്പിച്ച് അറസ്റ്റിൽ നിന്ന് രക്ഷപെട്ടത്. ജനുവരി 17ന് മുൻകൂർ ജാമ്യം നേടിയ പ്രതി അതിനു ശേഷം മുങ്ങി. ഇതുവരെ ഇയാളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
2022ൽ പൂനെയിലെ സിടിആർ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, തങ്ങളുടെ പേറ്റന്റുള്ള ഡ്രോയിങ്ങുകളും ഡിസൈനുകളും ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പരാതി നൽകിയിരുന്നു.
കുറ്റാരോപിത സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് സിടിആറിലെ ചില ജീവനക്കാർ ഈ ഡിസൈനുകൾ അനധികൃതമായി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2016-17 വർഷത്തിൽ സിടിആർ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചെംതെയ്ക്കും മറ്റു ചിലർക്കും ഡിസൈൻ മോഷണത്തിൽ പങ്കുള്ളതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.
തുടർന്ന്, പൂനെയിലെ വിമാന്തൽ പൊലീസ് വ്യാജരേഖ ചമയ്ക്കലിനും പകർപ്പവകാശ ലംഘനത്തിനും കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെയായിരുന്നു കേസിൽ അറസ്റ്റുണ്ടാവാതിരിക്കാൻ ചെംതെ തട്ടിപ്പ് നടത്തിയത്. ബോംബെ ഹൈക്കോടതിയുടെ മുമ്പാകെ മുൻകൂർ ജാമ്യാപേക്ഷ നൽകിയ നൽകിയ പ്രതി അതിനായി ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു.
ഈ വർഷം ജനുവരിയിൽ ഒരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സിആർപിസി സെക്ഷൻ 169 പ്രകാരമുള്ള ഒരു കോടതി ഉത്തരവ് ഇയാൾ വ്യാജമായി നിർമിച്ചു. ജാമ്യം ലഭിക്കാനായി ബോംബെ ഹൈക്കോടതിയിൽ ഈ വ്യാജ ഉത്തരവ് സമർപ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രതിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.