സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതികളിലൊരാൾ കസ്റ്റഡിയിൽ ജീവനൊടുക്കി
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് വെടിവെപ്പ് നടത്തിയത്
മുംബൈ: ബോളിവുഡ് നടന്‍ സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതികളിലൊരാൾ ജീവനൊടുക്കി. മുഖ്യ പ്രതികളിലൊരാളായ അനൂജ് താപനാണ് കസ്റ്റഡിയിൽ ജീവനൊടുക്കിയത്.
ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ അനൂജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായി മുംബൈ പോലീസ് അറിയിച്ചു.ഏപ്രിൽ 14നാണ് നടൻ സൽമാൻ ഖാന്റെ മെട്രോപോളിസിലെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്നത്.
തുടർന്ന് വിക്കി ഗുപ്ത (24), സാഗർ പാൽ (21), സോനു കുമാർ ചന്ദർ ബിഷ്‌ണോയ് (37), അനൂജ് തപൻ (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് വെടിവെപ്പ് നടത്തിയത്. ലോറൻസ് ബിഷ്‌ണോയ് ജയിലിലാണെങ്കിലും ഇയാളുടെ സഹോദരൻ അൻമോലാണ് വെടിവെപ്പ് സംഘത്തെ ഒരുക്കിയത്.
പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.വെടിവയ്പ്പ് നടത്തി സല്‍മാന്‍ഖാനെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമെ സംഘത്തിനുണ്ടായിരുന്നുള്ളൂവെന്നും ഇതിന് ഒരു ലക്ഷം പ്രതിഫലം വാങ്ങിയെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പ്രതികൾ ഒന്നിലധികം സിം കാർഡുകൾ വാങ്ങുകയും വിവിധ സ്ഥലങ്ങളിൽ അവ ഇടയ്ക്കിടെ മാറ്റുകയും ചെയ്തു.