ഡൽഹി ശ്രദ്ധ കൊലക്കേസ്: പ്രതി കുറ്റം സമ്മതിച്ചു; കൊന്നത് മനഃപൂർവമല്ലെന്ന് വാദം

പ്രതിയെ നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Update: 2022-11-22 07:36 GMT
Advertising

ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ച കേസിൽ പ്രതി അഫ്താബ് കുറ്റം സമ്മതിച്ചു. എന്നാൽ‍ ശ്രദ്ധയെ കൊലപ്പെടുത്തിയത് മനഃപൂർവമല്ലെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ഡൽഹി സാകേത് കോടതിയിലെ വിചാരണയ്ക്കിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് പങ്കാളിയായ ശ്രദ്ധയെ കൊന്നതെന്നാണ് അഫ്താബ് കോടതിയെ അറിയിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രതിയെ പ്രത്യേക വിചാരണയ്ക്ക് വിധേയമാക്കിയത്.

അതേസമയം, പ്രതിയെ നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഫ്താബിന്റെ നുണപരിശോധന പൊലീസ് ഇന്നു തന്നെ നടത്തിയേക്കും. രോഹിണി ഫോറൻസിക് സയൻസ് ലാബിലാണ് അഫ്താബിനെ നാർക്കോ അനാലിസിസിന് വിധേയമാക്കുക.

എന്നാൽ മൃതദേഹം കഷണങ്ങളാക്കാൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ, അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന പൊതുതാൽപ്പര്യ ഹരജി കോടതി തള്ളി. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹരജിയാണിതെന്ന് വിമർശിച്ചാണ് തള്ളിയത്.

മെഹ്റോളി വനമേഖലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടേതെന്ന് സംശയിക്കുന്ന കൂടുതൽ അസ്ഥികൾ കണ്ടെത്തിയിരുന്നു. താടിയെല്ല് ഉൾപ്പടെയുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ 17 ശരീരഭാഗങ്ങളിൽ തല ഉൾപ്പെടുന്ന ഭാഗം ലഭിച്ചിരുന്നില്ല.

കണ്ടെത്തിയ അസ്ഥികൾ കൊല്ലപ്പെട്ട ശ്രദ്ധയുടേതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും. അതേസമയം 12 സംഘങ്ങളായി ഡൽഹി പൊലീസ് കേസ് അന്വേഷണം തുടരുകയാണ്. ഹിമാചൽ പ്രദേശിൽ അഫ്താബും ശ്രദ്ധയും ഒരുമിച്ച് സന്ദർശിച്ച ഇടങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

മെയ് 18 നാണ് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തല്‍. പിന്നീട് ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീര ഭാഗങ്ങള്‍ സൂക്ഷിക്കാനായി പ്രത്യേകം ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. ഓരോ ദിവസവും പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ അഫ്താബ് ഫ്ലാറ്റ് വിട്ട് ഇറങ്ങിയിരുന്നത് എന്നാണ് നി​ഗമനം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News