കർണാടകയിലെ ഐഎഎസ് -ഐപിഎസ് പരസ്യ പോരിൽ നടപടി
ഡി രൂപയെയും,രോഹിണി സിന്ദൂരിയെയും നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റി.പുതിയ ചുമതലകൾ ഇരുവർക്കും നൽകിയിട്ടില്ല
ബംഗളൂരു: കർണാടകയിൽ സർക്കാരിന് തലവേദനയായ ഐഎഎസ് -ഐപിഎസ് പരസ്യ പോരിൽ നടപടി. ഡി രൂപയെയും,രോഹിണി സിന്ദൂരിയെയും നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റി.പുതിയ ചുമതലകൾ ഇരുവർക്കും നൽകിയിട്ടില്ല. രോഹിണി സിന്ദൂരി നിലവില്‍ ദേവസ്വം കമ്മിഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമാണ്.
വനിതാ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങളിലൂടെ രണ്ട് ദിവസങ്ങളായി പോരടിക്കുകയായിരുന്നു. മൈസൂരിലെ ജെ.ഡി.എസ് എം.എൽ.എ സാരാ മഹേഷുമൊന്നിച്ച് രോഹിണി സിന്ദൂരി റെസ്റ്റോറന്റിലിരിക്കുന്ന ചിത്രം ഡി.രൂപ പുറത്തുവിട്ടതോടെയാണ് ഉദ്യോഗസ്ഥ പോര് പുതിയ തലങ്ങളിൽ എത്തിയത്. മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് കനാൽ കയ്യേറി എം.എൽ.എ കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് കാണിച്ച് രോഹിണി സിന്ദൂരി എം.എൽ.എക്കെതിരെ റിപ്പോർട്ട് നൽകിയിരുന്നു. എം.എൽ.എ നൽകിയ മാനനഷ്ടകേസ് നിലനിൽക്കുമ്പോള്‍ നടത്തിയ കൂടിക്കാഴ്ച അനുരഞ്ജന ചർച്ചയെന്നാണ് ഡി.രൂപയുടെ വാദം.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് രൂപ പെരുമാറുന്നതെന്നും രോഹിണി സിന്ദൂരി പ്രതികരിച്ചു. അതിനിടെ രോഹിണി സിന്ദൂരിയുടെ ചില സ്വകാര്യ ചിത്രങ്ങൾ ഡി.രൂപ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് രോഹിണി സിന്ദൂരി അയച്ചുനൽകിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ഏഴ് ചിത്രങ്ങൾ രൂപ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽനിന്നും വാട്സാപ്പ് സ്റ്റാറ്റസുകളിൽനിന്നും സ്‌ക്രീൻഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നതെന്ന് രോഹിണി സിന്ദൂരി പ്രതികരിച്ചു. ചിത്രങ്ങൾ ഉദ്യോഗസ്ഥർക്ക് അയച്ചുനൽകിയതാണെന്ന രൂപ ഐ പി എസിന്റെ അവകാശവാദത്തെയും രോഹിണി സിന്ദൂരി വെല്ലുവിളിച്ചു. ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തണമെന്നും രോഹിണി സിന്ദൂരി ആവശ്യപ്പെട്ടു.
രൂപയ്ക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കി. രൂപ - രോഹിണി പോര് എല്ലാ സീമകളും കടന്ന് തുടമ്പോൾ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനൊരുങ്ങുകയാണ് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ റിപ്പോർട്ട് തേടുമെന്നാണ് സൂചന.