25വര്‍ഷം ബി.ജെ.പിയില്‍ ഉണ്ടായിരുന്നിട്ടും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നു

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായി മാറി

Update: 2024-02-15 02:08 GMT
Editor : Jaisy Thomas | By : Web Desk

ഗൗതമി/എടപ്പാടി കെ.പളനിസ്വാമി

Advertising

ചെന്നൈ: ബി.ജെ.പിയില്‍ നിന്നും രാജിവച്ച് മാസങ്ങള്‍ക്ക് ശേഷം നടി ഗൗതമി തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍(ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) ചേര്‍ന്നു. ബുധനാഴ്ചയായിരുന്നു നടിയുടെ പാര്‍ട്ടി പ്രവേശനം.

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായി മാറി. ''ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജനിച്ച ഗൗതമി തഡിമില്ല ബുധനാഴ്ച മുൻ മുഖ്യമന്ത്രി പളനിസ്വാമിയെ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ച് ഔദ്യോഗികമായി എഐഎഡിഎംകെയിൽ ചേർന്നതായി'' പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.പളനിസ്വാമിക്കൊപ്പമുള്ള ചിത്രവും പാർട്ടി പങ്കിട്ടു. മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ ചിത്രമുള്ള 'മാപ്പെരും തമിഴ്കനവ് (ദി ഗ്രേറ്റ് തമിഴ് ഡ്രീം)' എന്ന പുസ്തകത്തിൻ്റെ കോപ്പി എഐഎഡിഎംകെ അധ്യക്ഷൻ ഗൗതമിക്ക് കൈമാറി.

"ജനങ്ങളുടെ ക്ഷേമത്തിനായി പോരാടാൻ എല്ലാവരേയും ഒരുമിപ്പിക്കാനുള്ള അണ്ണന്‍റെ കഴിവ് എന്നെ ആകര്‍ഷിച്ചു. ഇന്ന് പാർട്ടിയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എഐഎഡിഎംകെയിൽ ചേരുന്നതിലൂടെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' ഗൗതമി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "ഞാൻ 25 വർഷമായി ബിജെപിയിൽ ഉണ്ടായിരുന്നുവെന്നും ചില കാരണങ്ങളാൽ ആ പാർട്ടിയിൽ നിന്ന് പുറത്തുപോകുകയായിരുന്നുവെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാം. ഇന്ന് എഐഎഡിഎംകെയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്," അവർ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി നേരിട്ട പ്രതിസന്ധിയില്‍ പാര്‍ട്ടി നേതൃത്വം തന്നെ പിന്തുണച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിലാണ് ഗൗതമി ബി.ജെ.പി വിട്ടത്. പാർട്ടിയിലെ ചില അംഗങ്ങൾ, പ്രത്യേകിച്ച് സി. അളഗപ്പൻ തന്നോട് വിശ്വാസവഞ്ചന കാട്ടുകയും തൻ്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് ഗൗതമി ആരോപിച്ചിരുന്നു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്ക് നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്. സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു ആരോപണം. അളഗപ്പനും സംഘവും തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതമി പറഞ്ഞിരുന്നു. അളഗപ്പനെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും ഗൗതമി ആരോപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News