സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്
താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. തുടർച്ചയായി മൂന്നു ദിവസമാണ് പരിശോധനകള്‍ നടന്നത്.
സോനുവും സഹായികളും ചേർന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വ്യാജ കമ്പനികളിൽനിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തെന്നും ആദായ നികുതി വകുപ്പ് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ രൂപം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആദായനികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണം.
2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത ബോളിവുഡിലെ ഈ 'സ്ഥിരം വില്ല'ന് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.