നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി
പ്രോസിക്യൂഷനെതിരെ വിമർശനം ഉന്നയിച്ച കോടതി പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീണ്ടുപോകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. വിചാരണാ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചു. പ്രോസിക്യൂഷനെതിരെ വിമർശനം ഉന്നയിച്ച കോടതി പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാനും ആവശ്യപ്പെട്ടു.
പുതിയ സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട എതിര്‍പ്പ് എഴുതി നല്‍കാന്‍ ദിലീപിനോട് കോടതി നിർദേശിച്ചു. കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപാണ് കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിചാരണ ചെയ്യരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
2019ലാണ് ആറു മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ 24 മാസം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായില്ലെന്ന് ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു.