തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് നടി; തെറ്റിദ്ധാരണയെന്ന് അധികൃതർ

ഹിന്ദു മതകേന്ദ്രങ്ങൾ കൊള്ളയുടെ ​ഗേഹമായി മാറിയെന്ന് ട്വിറ്റർ പോസ്റ്റിൽ നടി ആരോപിക്കുന്നു.

Update: 2022-09-06 14:01 GMT
Advertising

തിരുപ്പതി: ആന്ധ്രയിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവുമായി നടി അർച്ചന ​ഗൗതം. തിങ്കളാഴ്ച ദർശനത്തിന് എത്തിയപ്പോഴാണ് സംഭവമെന്ന് നടി പറയുന്നു. ഹിന്ദു മതകേന്ദ്രങ്ങൾ കൊള്ളയുടെ ​ഗേഹമായി മാറിയെന്ന് ട്വിറ്റർ പോസ്റ്റിൽ നടി ആരോപിക്കുന്നു. ഇതോടൊപ്പം ക്ഷേത്ര ഓഫീസിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയും തർക്കത്തിലേർപ്പെടുകയും ചെയ്യുന്ന വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.

'മതത്തിന്റെ പേരിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ ജീവനക്കാർ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ഞാൻ ആന്ധ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു. വിഐപി ദർശനത്തിന്റെ പേരിൽ ഒരാളിൽ നിന്ന് 10,500 രൂപയാണ് ഇവർ കൈക്കലാക്കുന്നത്. കൊള്ളയടി അവസാനിപ്പിക്കുക''- നടി പോസ്റ്റിൽ പറയുന്നു.

വീഡിയോയിൽ, നടിയെ ചിലർ തടയാൻ ശ്രമിക്കുന്നതും തർക്കത്തിലേർപ്പെടുന്നതും കാണാം. പൊലീസുകാരെയും ഇവിടെ കാണാമെങ്കിലും അവർ ഇടപെടുന്നില്ല. താൻ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതാണെന്നും ടിക്കറ്റിന്റെ പേരിൽ ജീവനക്കാർ തന്നോട് 10000ലേറെ രൂപ വാങ്ങിയെന്നും എന്നാൽ ടിക്കറ്റ് നൽകിയില്ലെന്നും നടി കരഞ്ഞുകൊണ്ട് പറയുന്നു.

ഒടുവിൽ ജീവനക്കാർ അർച്ചനയെ ഇവിടെ നിന്നും പുറത്തുപോകാൻ നിർബന്ധിക്കുന്നതും അവർ പുറത്തുവരുന്നതും വീഡിയോയിൽ കാണാം. നിങ്ങൾക്ക് ശിക്ഷ വാങ്ങിത്തരുമെന്ന് പറയുന്ന നടി ആന്ധ്രാപ്രദേശ് സർക്കാർ ഈ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം, നടിയുടെ ആരോപണം നിഷേധിച്ച ജീവനക്കാർ, അവർ തെറ്റിദ്ധരിച്ചതാണെന്ന് പറയുന്നു. അവരെ സമാധാനിപ്പിക്കാനും സാഹചര്യം വിശദീകരിക്കാനും ശ്രമിക്കുന്നതിനിടെ അധികാരികളോട് മിണ്ടാതിരിക്കാനാണ് നടി പറഞ്ഞതെന്ന് ജീവനക്കാർ പറയുന്നു. ചില ജീവനക്കാരെ തള്ളിയിടുകയും ഓഫീസിനുള്ളിൽ ബഹളം ഉണ്ടാക്കുകയും ചെയ്തെന്നും അധികൃതർ അവകാശപ്പെടുന്നു.

''വെള്ളിയാഴ്ച അഭിഷേകം (പ്രത്യേക പൂജ) ഉണ്ട്. ഇതുമൂലം ദർശനത്തിന് കൂടുതൽ സമയമെടുക്കും. അതിനാൽ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദർശനത്തിനുള്ള അപേക്ഷ സ്വീകരിക്കില്ല''-അധികൃതർ പറയുന്നു.

''നടി വെള്ളിയാഴ്ച രാവിലെ ദർശനത്തിന് അപേക്ഷിച്ചിരുന്നു. അത് കൊടുക്കാതിരുന്നതോടെ അവർ ഓഫീസിലെത്തി ബഹളമുണ്ടാക്കി. അവർ ചില ജീവനക്കാരെയും പിടിച്ചു തള്ളി. പിറ്റേന്ന് രാവിലെ 10,000 രൂപ വിലയുള്ള 'ശ്രീവാണി ടിക്കറ്റ്' എടുക്കാൻ ആരോ നിർദേശിച്ചു. ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുകയാണെന്ന് കരുതി അവർ തെറ്റിദ്ധരിച്ചു. എന്നിരുന്നാലും, അവർക്ക് പിന്നീട് ദർശനം അനുവദിച്ചു''- അധികൃതർ വിശദീകരിച്ചു.

കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർഥിയായിരുന്നു അർച്ചന. ഹസ്തിനാപുർ മണ്ഡലത്തിൽ നിന്നും മത്സരിച്ച അവർ ബിജെപി സ്ഥാനാർഥിയായ ദിനേശ് ഖാഠികിനോട് പരാജയപ്പെടുകയായിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News