ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമപോരാട്ടത്തിന് യു.എസ് നിയമസ്ഥാപനത്തെ സമീപിച്ച് അദാനി ഗ്രൂപ്പ്

അടുത്തിടെ ന്യൂയോർക്കിലെത്തിയ അദാനി ഗ്രൂപ്പ് പ്രതിനിധികൾ വാച്ച് ടെല്ലിലെ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

Update: 2023-02-10 09:03 GMT
Advertising

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരായ നിയമ പോരാട്ടത്തിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാച്ച്ടെൽ ലിപ്റ്റൺ, റോസൺ,ആന്റ് കാറ്റ്സ് എന്ന നിയമസ്ഥാപനത്തെ സമീപിച്ചതായി റിപ്പോർട്ട്. അടുത്തിടെ ന്യൂയോർക്കിലെത്തിയ അദാനി ഗ്രൂപ്പ് പ്രതിനിധികൾ വാച്ച് ടെല്ലിലെ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് വൻ തിരിച്ചടി നേരിട്ടിരുന്നു.

ജനുവരി 25 നാണ് അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്. 20,000 കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫറാണ് അദാനി പിൻവലിച്ചത്. ഏകദേശം 100 ബില്യൺ ഡോളർ നഷ്ടം അദാനി ഗ്രൂപ്പിനുണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കടുത്ത സമ്മർദമാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. അതിനാൽ തന്നെയാണ് ഹിൻഡൻബർഗിനെതിരെ പോരാടാൻ

യു.എസിലെ തന്നെ ഏറ്റവും ചിലവേറിയ നിയമസ്ഥാപനങ്ങളിലൊന്നയ വാച്ച്‌ടെല്ലിനെ സമീപിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായത് ഗ്രൂപ്പ് നേരിടുന്ന അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ കാരണമാണ്.

ഇന്ത്യയിലെ മുൻനിര നിയമസ്ഥാപനമായ സിറിൽ മംഗൾദാസ് ഫേർമിലെ ഒരു കൂട്ടം അഭിഭാഷകരാണ് അദാനിക്കുവേണ്ടി വാച്ച്‌ടെല്ലിനെ സമീപിച്ചത്. ഗൗതം അദാനിയുടെ മകൾ പരിധിയുടെ ഭർത്താവ് സിറിൽ ഷ്രോഫാണ് ഫേമിനെ നയിക്കുന്നത്.

സ്ഥാപനം ജോലി ഏറ്റെടുത്തത് മുതൽ പ്രതിസന്ധി മറികടക്കാനാവശ്യമായ ത്വരിതഗതിയിലുള്ള നടപടികളാണ് അദാനിക്കായി സിറിൽ അമർചന്ദ് മംഗൾദാസ് സ്വീകരിക്കുന്നത്. അതിസങ്കീർണമായ കോർപ്പറേറ്റ് ഗവേണൻസ് കേസുകൾ ഏറ്റെടുത്ത് തീർപ്പാക്കുന്നതിൽ അതിപ്രകത്ഭരാണ് 1965 ൽ സ്ഥാപിതമായ വാച്ച്‌ടെൽ.

അതേസമയം അദാനി കമ്പനികളിലെ മുഴുവൻ ഓഹരി നിക്ഷേപവും വിറ്റൊഴിവാക്കിയിരിക്കുകയാണ് നോർവേ സോവറീൻ വെൽത്ത് ഫണ്ട്. ഗ്രൂപ്പിലെ മൂന്നു കമ്പനികളിൽ 200 മില്യൺ യു.എസ് ഡോളറിലേറെ വരുന്ന നിക്ഷേപമാണ് വെൽത്ത് ഫണ്ട് ഈയടുത്ത ആഴ്ചകളില്‍ വിറ്റതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

'വർഷാവസാനത്തോടെ ഞങ്ങൾ അദാനി കമ്പനികളിലെ നിക്ഷേപം കുറച്ചു. ഞങ്ങൾക്ക് നിക്ഷേപം ബാക്കിയില്ല. വർഷങ്ങളായി അദാനിയുടെ പാരിസ്ഥിതിക-സാമൂഹ്യ പ്രശ്‌നങ്ങൾ നിരീക്ഷിച്ചു വരികയാണ്.' - ഇതു സംബന്ധിച്ച് ഫണ്ട് മേധാവി ക്രിസ്റ്റഫർ റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. അദാനി ടോട്ടൽ ഗ്യാസ്, അദാനി പോർട്‌സ് ആന്റ് സ്‌പെഷ്യൽ എകണോമിക് സോൺ, അദാനി ഗ്രീൻ എനർജി എന്നിവയിലാണ് നോർവേ വെൽത്ത് ഫണ്ടിന് നിക്ഷേപമുണ്ടായിരുന്നത്.

2022 അവസാനത്തിലാണ് വെൽത്ത് ഫണ്ട് അദാനി ടോട്ടലിൽ 83.6 മില്യൺ ഡോളറിന്റെയും അദാനി പോർട്ട് ആന്റ് സ്‌പെഷ്യൽ ഇകണോമിക് സോണിൽ 63.4 മില്യൺ ഡോളറിന്റെയും നിക്ഷേപം നടത്തിയത്. അദാനി ഗ്രീനിൽ 52.7 ദശലക്ഷം ഡോളർ നിക്ഷേപമാണ് ഉള്ളത്. നോർവേ കേന്ദ്രബാങ്കിന്റെ ഭാഗമായുള്ളതാണ് 1.35 ട്രില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുള്ള സോവറീൻ വെൽത്ത് ഫണ്ട്. ആഗോള തലത്തിൽ 9200 കമ്പനികളിൽ ഫണ്ടിന് നിക്ഷേപമുണ്ട്. വാർത്തയോട് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, അദാനി ഗ്രൂപ്പിൽ അമ്പത് ബില്യൺ യു.എസ് ഡോളറിന്റെ (4.12 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താനുള്ള കരാർ നടപ്പാക്കുന്നത് ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ടോട്ടൽ എനർജീസ് നീട്ടിവച്ചിരുന്നു. യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് ഉയർത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വ്യക്തത വന്ന ശേഷം മാത്രം കരാറുമായി മുമ്പോട്ടു പോയാൽ മതിയെന്നാണ് ടോട്ടൽ എനർജീസിന്റെ തീരുമാനം. അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരാണ് ഫ്രാൻസ് ആസ്ഥാനമായ ടോട്ടൽ എനർജീസെന്ന് ദ ഇകണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അദാനി ഗ്രൂപ്പിന്റെ ജൂണിൽ പ്രഖ്യാപിച്ച ഹൈഡ്രോ പദ്ധതിയിൽ 25 ശതമാനം ഓഹരിയാണ് ഫ്രഞ്ച് കമ്പനി ഏറ്റെടുക്കാനിരുന്നത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടിന് കാത്തിരിക്കുകയാണ് എന്ന് ടോട്ടൽ എനർജീസ് ചീഫ് എക്സിക്യൂട്ടീവ് പാട്രിക് പൗയാന്നെ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

'കരാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒപ്പുവച്ചിട്ടില്ല. ഗൗതം അദാനിക്ക് ഇപ്പോൾ വേറെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുണ്ട്. ഓഡിറ്റ് വരുന്നതു വരെ നീട്ടിവയ്ക്കുന്നതാണ് നല്ലത്' - അദ്ദേഹം പറഞ്ഞു. മറ്റു പദ്ധതികളിൽ അദാനി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

1924ൽ സ്ഥാപിതമായ യൂറോപ്യൻ ബഹുരാഷ്ട്ര ഊർജ കമ്പനിയാണ് ടോട്ടൽ എനർജീസ്. പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, റിഫൈനറി, പെട്രോളിയം പാർക്കറ്റിങ്, ക്രൂഡ് ഓയിൽ ആൻഡ് പ്രൊഡക്ട് ട്രേഡിങ് തുടങ്ങിയ മേഖലയിൽ പടർന്നു കിടക്കുന്ന കമ്പനിയുടെ ആസ്തി 320.5 ബില്യൺ യുഎസ് ഡോളറാണ്. 2021ൽ 184 ബില്യൺ ഡോളറിന്റെ വരുമാനമാണ് കമ്പനിയുണ്ടാക്കിയത്.

നേരത്തെ, അദാനി ഗ്രീൻ എനർജിയിൽ 19.75 ശതമാനം ഓഹരിയും അദാനി ടോട്ടൽ ഗ്യാസിൽ 37.4 ശതമാനം ഓഹരിയും ടോട്ടൽ എനർജീസ് സ്വന്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപങ്ങളെല്ലാം നിയമവിധേയമാണ് എന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് പിന്നാലെ അദാനി കമ്പനികളുടെ ഓഹരികളിൽ വൻതോതിലുള്ള ഇടിവാണ് ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങളിൽ മാത്രം 120 ബില്യൺ ഡോളറാണ് കമ്പനിയുടെ വിപണിമൂല്യത്തിൽ നഷ്ടമായത്. 




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News