ഇലോൺ മസ്‌കിനും ജെഫ് ബെസോസിനുമൊപ്പം 100 ബില്യൺ ഡോളർ ക്ലബിലെത്തി അദാനി

ഗുജറാത്തുകാരനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷനൊപ്പം പ്രവർത്തിക്കുന്നയാളുമായ ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി 2020 മുതൽ ആയിരം ശതമാനത്തിലേറെ വളർച്ചയാണ് നേടിയിരിക്കുന്നത്

Update: 2022-04-03 05:29 GMT
Advertising

ടെസ്‌ല മോട്ടോഴ്‌സ് സിഇഒ ഇലോൺ മസ്‌കും ആമസോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ ജെഫ് ബെസോസുമൊക്കെയുള്ള 100 ബില്യൺ (10,000 കോടി) ഡോളർ ക്ലബിൽ ഇനി ഇന്ത്യൻ വ്യവസായി ഗൗതം അദാനിയും. തുറമുഖം, ഖനനം, ഗ്രീൻ എനർജി തുടങ്ങിയ രംഗങ്ങളിൽ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്താണ് അദാനി സെൻറിബില്യണേഴ്‌സ് ക്ലബിലെത്തിയിരിക്കുന്നത്. ഈ വർഷം 24 ബില്യൺ ഡോളർ കൂടി നേടിയാണ് ഇദ്ദേഹം കേവലം ഒമ്പത് പേർ മാത്രമുള്ള ലോകത്തിലെ ഏറ്റവും എലൈറ്റ് ഗ്രൂപ്പിൽ ഇടംപിടിച്ചത്. അതേസമയം, കഴിഞ്ഞ ഒക്‌ടോബറിൽ 99 ബില്യൺ ഡോളർ വരുമാനവുമായി ക്ലബിന് തൊട്ടരികെ എത്തിയിരുന്ന മുകേഷ് അംബാനിയുടെ വരുമാനം താഴോട്ടുപോയതാണ് ബ്ലൂംബെർഗ് ബില്യണേഴ്‌സ് ഇൻഡക്‌സ് വ്യക്തമാക്കുന്നത്.


2021 ലോകത്തിലെ ധനാഢ്യർക്ക് നല്ല വർഷമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരായ 500 പേർ അവരുടെ സമ്പാദ്യത്തിലേക്ക് ഒരു ട്രില്യൺ ഡോളറിലേറെ പണം ചേർത്തു. 59 കാരനായ അദാനിയും വലിയ നേട്ടമുണ്ടാക്കി. ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 42.7 ബില്യൺ ഡോളറായി. 2021 ൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ ഇദ്ദേഹം 2022 ഫെബ്രുവരിയിൽ അംബാനി വെട്ടിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അന്ന് അദ്ദേഹത്തിന്റെ ആസ്തി 88.5 ബില്യൺ ഡോളറായിരുന്നു. മുകേഷ് അംബാനിയുടെ ആസ്തി 87.9 ബില്യൻ ഡോളറും.

64കാരനും ഓയിൽ പെട്രോ കെമിക്കൽസ് ചെയർമാനുമായ അംബാനി യുഎസ് ടെക്‌നോളജി സെക്ടറിൽ ഭാഗ്യപരീക്ഷണം നടത്തിയാണ് സമ്പന്നതയുടെ പടവുകൾ കയറുന്നത്. ഇ കൊമേഴ്‌സ്, ടെക് രംഗങ്ങളിൽ ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയിൽനിന്നടക്കം വമ്പൻ നിക്ഷേപങ്ങളാണ് കമ്പനി നേടുന്നത്. 1999ൽ മൈക്രോസോഫ്റ്റ് കോഫൗണ്ടർ ബിൽ ഗേറ്റ്‌സാണ് ആദ്യമായി നൂറു ബില്യൺ ഡോളർ ക്ലബിൽ ആദ്യമെത്തിയത്. 2017ൽ ആമസോൺ ചെയർമാൻ ജെഫ് ബെസേസുമെത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്‌ക് 2020ലാണ് ക്ലബിൽ ചേർന്നത്. 273 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

കോളേജ് ഡ്രോപ്പൗട്ടിൽ നിന്ന് 100 ബില്യൺ ഡോളർ ക്ലബിലേക്ക്

1980ൽ ഒരു ചരക്ക് വ്യാപാരിയായാണ് കോളേജ് ട്രോപ്പൗട്ടായ അദാനി തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. ഖനന വ്യവസായത്തിലായിരുന്നു ആദ്യ നിക്ഷേപം നടത്തിയത്. എന്നാൽ പിന്നീട് ഗ്രീൻ എനർജിയിലേക്ക് മാറി ഫ്രാൻസിലെ ടോട്ടൽ എസ്ഇ, വാർബർഗ് പിൻകസ് എന്നീ കമ്പനികളിൽനിന്നടക്കം നിക്ഷേപം നേടിയതോടെയാണ് അദ്ദേഹത്തിന്റെ വഴി തെളിഞ്ഞത്. ഇപ്പോൾ സൗദി അറേബ്യയിലെ എണ്ണ ഖനനത്തിലടക്കം സാധ്യതകൾ തേടുന്നതിലേക്ക് അദ്ദേഹമെത്തിയിരിക്കുകയാണ്.



ഗുജറാത്തുകാരനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷനൊപ്പം പ്രവർത്തിക്കുന്നയാളുമായ ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി 2020 മുതൽ ആയിരം ശതമാനത്തിലേറെ വളർച്ചയാണ് നേടിയിരിക്കുന്നത്. അതിവേഗമാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളർന്നത്. ഇന്ന് ഖനികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ, സിറ്റി ഗ്യാസ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പടർന്നു പന്തലിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.

Goutam Adani joins $ 100 billion club, Ambani drops from $ 99 billion

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News