ഓഹരികൾ ഈട് നൽകി അദാനി വീണ്ടും വായ്പ എടുത്തു
മൂന്ന് കമ്പനികളുടെ ഓഹരികൾ ഈട് നൽകിയാണ് വായ്പ എടുത്തത്
ന്യൂഡല്‍ഹി: ഓഹരികൾ ഈട് നൽകി അദാനി ഗ്രൂപ്പ് വീണ്ടും വായ്പ എടുത്തു. മൂന്ന് കമ്പനികളുടെ ഓഹരികൾ ഈട് നൽകിയാണ് വായ്പ എടുത്തത്. അദാനി എന്റർപ്രൈസസിന്റെ വായ്പ തിരിച്ചടവിന് വേണ്ടിയാണ് പുതിയ നടപടി.
അദാനി പോർട്ട്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി എന്നി കമ്പനികളുടെ ഓഹരികൾ ഈട് നൽകിയാണ് പുതിയ വായ്പകൾ അദാനി ഗ്രൂപ്പ് എടുത്തത്. അദാനി എന്റർപ്രൈസസിന്റെ പേരിലെടുത്ത വായ്പകൾ തിരിച്ചടയ്ക്കണം എന്ന് വിവിധ ബാങ്കുകൾ ആവശ്യപ്പെട്ടു. പണം അടയ്ക്കുകയോ അല്ലെങ്കിൽ കൂടുതൽ ഓഹരികൾ നൽകുകയോ ചെയ്യണം എന്നാണ് ബാങ്കുകളുടെ നിലപാട്. പിന്നാലെയാണ് കൂടുതൽ വായ്പ എടുക്കാനുള്ള തീരുമാനം.
അദാനി എന്‍റെർപ്രൈസസിന്‍റെ വായ്പ തിരിച്ചടവിനു വേണ്ടി വായ്പ തുക ഉപയോഗിക്കും. എസ്ബിഐ ക്യാപ് ട്രസ്റ്റീസ് ഇന്നലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ നൽകിയ രേഖകളിലാണ് ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ എസ് ബി ഐയിൽ നിന്ന് അടക്കം അദാനി വായ്പ എടുത്തിരുന്നു. ജനുവരി മുതൽ അദാനി കമ്പനികൾക്ക് 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായാണ് വിവരം. ഷെയർ മാർക്കറ്റുകളിൽ കൂപ്പ് കുത്തിയ ഓഹരികൾ ഇതുവരെ ഉയർത്തെഴുന്നേറ്റിട്ടില്ല.