ഇസ്രായേലിന്റെ യുദ്ധവെറിയിൽ ദുരിതത്തിലായി ഇന്ത്യൻ കർഷകർ; ഭക്ഷ്യക്ഷാമത്തിലേക്കോ ഉത്തരേന്ത്യ?

ഉത്തരേന്ത്യയിലെ ഗോതമ്പ് പാടങ്ങൾക്കാവശ്യമായ വളം രാജ്യത്തെത്തുന്നില്ല

Update: 2024-11-04 12:10 GMT
Editor : ശരത് പി | By : Web Desk
Advertising

ഹരിയാന: കഴിഞ്ഞയാഴ്ചയാണ് ഹരിയാനയിലെ കർഷകർ കാർഷികവിളകൾക്കായുള്ള വളത്തിനായി വളം ഫാക്ടറികളിലേക്ക് മാർച്ച് നടത്തിയത്. കർഷകരുടെ ക്യൂ ഒരു കിലോമീറ്ററിനടുത്ത് നീണ്ടു. കർഷകരുടെ നിര വലിയ ട്രാഫിക്ക് ജാം ഉണ്ടാകുന്നതിന് കാരണമായി. ട്രാഫിക്ക് നിയന്ത്രിക്കാനും കർഷകരെ നിയന്ത്രിക്കാനും പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടതായി വന്നു. കർഷകരും പ്രതിഷേധിച്ചു.

കർഷകരുടെ പ്രശ്‌നം ഒരു രാജ്യശ്രദ്ധ നേടാൻ അധികം സമയമെടുക്കാറില്ല ആയതിനാൽ ഭൂരിഭാഗം സർക്കാരുകളും പ്രശ്‌നങ്ങൾ അടിച്ചമർത്താനോ ചർച്ചകളിലൂടെ പരിഹരിക്കാനോ ആണ് ശ്രമിക്കാറ്. എന്നാൽ ഹരിയാനയിലെ ഈ കർഷകരുടെ സമരത്തിന് പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം തന്നെ ഒത്തൊരുമിച്ച് വരേണ്ടതായി വരും. കാരണമിത് രാജ്യത്തിനകത്തെ പ്രശ്‌നമല്ല മറിച്ച് നാലായിരം കിലോമീറ്റർ അപ്പുറത്ത് ഇസ്രായേൽ ഫലസ്തീന് മേൽ തുടരുന്ന വംശഹത്യയുടെ പ്രശ്‌നമാണ്, യുക്രൈന് മേലുള്ള റഷ്യൻ അധിനിവേശത്തിന്റെ പ്രശ്‌നമാണ്.

ഗോതമ്പ്. ബാർലി, പട്ടാണിക്കടല, പയർ വർഗങ്ങൾ എന്നിവയുടെ വിതക്കൽ സീസണാണ് പഞ്ചാബിലും ഹരിയാനയിലും. കൃഷിക്കായി കർഷകർ ആശ്രയിക്കുന്നത് മികച്ച രാസവളമായ ഡൈ-അമോണിയം ഫോസ്‌ഫേറ്റിനെയാണ് (ഡിഎപി). എന്നാൽ മികച്ച ഗുണനിലവാരമുള്ള ഡിഎപി ലഭിക്കാനായി വിദേശരാജ്യങ്ങളെയാണ് വളം ഫാക്ടറികൾ ആശ്രയിക്കാറുള്ളത്.

ഒരു വർഷമായി തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം ഡിഎപി ഇന്ത്യയിലെത്തുന്നതിന് തടസമായിരിക്കുകയാണ്.

 ചെങ്കടലിലൂടെയാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഡിഎപി എത്തുന്നത്. എന്നാൽ യുദ്ധം വ്യാപിച്ചതോടെ ചെങ്കടലിലൂടെയുള്ള ചരക്കുകപ്പലുകളുടെ യാത്ര ദുർഘടമായിട്ടുണ്ട്. പല കപ്പലുകളും ഇന്ത്യയിലെത്തുന്നില്ല.

ഒക്ടോബർ നവംബർ മാസങ്ങളിൽ കടുകിന്റെയും ഗോതമ്പിന്റെയും വിതക്കൽ കാലമാണ്. ഈ രണ്ട് വിളകളും തഴച്ചുവളരുന്നതിനായി വൻതോതിൽ നൈട്രജനും സൾഫറും ആവശ്യമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയൊരു ശതമാനവും ഗോതമ്പ് എത്തിക്കുന്നത് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നാണ്. ഡിഒപിയാണ് ഇതിനായുള്ള വളം. ഈ വർഷം ഡിഒപി എത്തിയില്ലെങ്കിൽ ഗോതമ്പ് പ്രധാന ഭക്ഷ്യധാന്യമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ ക്ഷാമം നേരിടുമെന്നാണ് നിരീക്ഷണം.

ഓരോ വർഷവും ഇന്ത്യയിൽ നൂറ് ലക്ഷം ടൺ ഡിഒപി ആണ് കാർഷികാവശ്യങ്ങൾക്കായി വേണ്ടത്.

പശ്ചിമേഷ്യയിലെ സംഘർഷം കാരണം സുയസ് കനാൽ ഉപയോഗിക്കാതെ ആഫ്രിക്കയിലെ കേപ്പ് ഓപ് ഗുഡ് ഹോപ്പ് വഴിയാണ് കപ്പലുകൾക്ക് ഇന്ത്യയിലേക്കെത്തേണ്ടി വരാറുള്ളത്. ഇതിനായി 6,500 കിലോമീറ്ററുകൾ ചുറ്റേണ്ടതായി വരുന്നു.

2019-20 കാലഘട്ടത്തിൽ 48.70 ലക്ഷം ടൺ ഡിഎപി ആണ് രാജ്യത്തിന് ആവശ്യമുണ്ടായിരുന്നത്, 2023-24 കാലഘട്ടത്തിൽ 55.67 ലക്ഷം ടൺ ആയി ഇത് വർധിച്ചിട്ടുണ്ട്.

ചുറ്റിയുള്ള വരവ് കപ്പലുകൾക്ക് ഇന്ധനചെലവിനും സമയനഷ്ടത്തിനും കാരണമാവുന്നുണ്ട്. ഇത് കൂടാതെ ഡിഎപിക്കുണ്ടായ ക്ഷാമം വളത്തിന്റെ വിലവർധനക്ക് കാരണമാവുന്നുണ്ട്.

2023ൽ ടണ്ണിന് 589 ഡോളർ (49,500 രൂപ) വിലയുണ്ടായിരുന്ന ഡിഎപിക്ക് ഈ വർഷം സെപ്തംബറോട് കൂടി 632 ഡോളർ (53,000 രൂപ) ആയി വില വർധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന് പുറമെ റഷ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഡിഎപി ഉത്പാദകർ എന്നതും ഡിഎപി ക്ഷാമത്തിന് കാരണമാവുന്നു. കൂടുതലായി യുക്രൈൻ അധിനിവേശത്തിനും യുദ്ധോപകരണങ്ങൾക്കും റഷ്യ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ മറ്റ് വസ്തുക്കളുടെ ഉത്പാദനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. തദ്ദേശീയമായി ഉപയോഗിക്കാനുള്ള അളവിൽ ഡിഎപി മാത്രമേ റഷ്യ ഉത്പാദിപ്പിക്കുന്നുള്ളവെന്നും എ വിവരങ്ങളുണ്ട്.

റഷ്യക്ക് പുറമെ ചൈന, ഈജിപ്ത്, മൊറോക്കോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം വളം വാങ്ങാറ്.

ഡിഎപിക്ക് ക്ഷാമമില്ല എന്നാണ് ഹരിയാന സർക്കാരിന്റെ വാദം. എന്നാൽ ഇത് ശരിയല്ലെന്ന് തെളിയിക്കുന്നത് തന്നെയാണ് കർഷകർ അത്യാവശ്യ ഘട്ടത്തിൽ നേരിടുന്ന ക്ഷാമം. കേന്ദ്രം ഹരിയാനക്കായി 1.10 ലക്ഷം ടൺ ഡിഎപി കരുതൽ ശേഖരത്തിൽ നിന്ന് നൽകുമെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി സായബ് സിങ് സൈനിയുടെ വാദം.

എന്നാൽ നവംബർ ആദ്യ ആഴ്ച അവസാനിക്കാനിരിക്കെ നിലവിൽ വളം കിട്ടിയിട്ടില്ലെങ്കിൽ കൃഷി തുടങ്ങാനാവാതെ കർഷകർ ദുരിതത്തിലാവും.

നിലവിൽ ഡിഎപിയുടെ ക്ഷാമം പരിഹരിക്കാനായി നൈട്രജൻ ഫോസ്‌ഫേറ്റും പൊട്ടാസ്യവും ചേർന്ന വളം വിതരണം ചെയ്യാനാണ് ഹരിയാന സർക്കാരിന്റെ തീരുമാനം. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്നതിൽ കർഷകർക്ക് ആശങ്കയുണ്ട്.

യുദ്ധങ്ങൾ ലോകമാകമാനം ബാധിച്ചുതുടങ്ങി എന്നത് വ്യക്തമാക്കുന്ന സംഭവം തന്നെയാണ് നിലവിലെ ഡിഎപി ക്ഷാമം.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News