ലഹള എന്ന വാക്ക് ലഘുലേഖയിൽ എവിടെയെന്ന് കോടതി; ജാമ്യം യുഎപിഎ നിലനിൽക്കാനുള്ള വിശ്വാസയോഗ്യ തെളിവുകളില്ലെന്ന് ബോധ്യപ്പെട്ടതോടെ; അഡ്വ. ഹാരിസ് ബീരാൻ

ഗൂഡാലോചനയില്‍ കാപ്പന് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

Update: 2022-09-09 10:53 GMT
Advertising

ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ കേസ് നിലനില്‍ക്കാനുള്ള വിശ്വാസയോഗ്യമായ തെളിവുകള്‍ ഇല്ലെന്ന് സുപ്രിംകോടതിക്ക് ബോധ്യപ്പെട്ടെന്ന് അഡ്വ. ഹാരിസ് ബീരാന്‍. യുഎപിഎ പ്രകാരം ജാമ്യം കൊടുക്കണമെങ്കില്‍ പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് കോടതിക്ക് ബോധ്യപ്പെടണമെന്ന വ്യവസ്ഥയുണ്ട്. അതിനാലാണ് അത്തരം കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടാതെ ജയിലില്‍ കഴിയേണ്ടിവരുന്നത്. 

എന്നാല്‍ സിദ്ദീഖ് കാപ്പനെതിരായ കേസില്‍ അക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനാലാണ് ജാമ്യം അനുവദിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കാപ്പന് ജാമ്യം ലഭിച്ചതിനു പിന്നാലെ സുപ്രിംകോടതിക്ക് പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ സിദ്ദീഖിനെതിര ചുമത്തിയ രണ്ട് കുറ്റങ്ങളില്‍ ഒന്ന് യുഎപിഎ നിയമത്തിലെ 17ാം വകുപ്പ് (ഫണ്ടിങ്) ആണ്. 45,000 രൂപ കാപ്പന്റെ അക്കൗണ്ടിലേക്ക് പോപുലര്‍ ഫ്രണ്ട് നിക്ഷേപിച്ചെന്നും ഈ പണം ഉപയോഗിച്ചാണ് കാപ്പന്‍ ഹാഥ്‌റസിലേക്ക് പോയതെന്നും ലഹളയുണ്ടാക്കാന്‍ പദ്ധതിയിട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. സെക്ഷന്‍ 18 (ഗൂഡാലോചന) ആണ് രണ്ടാമത്തേത്. ഇതില്‍ യു.പി സര്‍ക്കാരിനും പ്രോസിക്യൂഷനും പ്രത്യേകിച്ചൊരു വാദമില്ലെന്നും ആകെ പറയുന്നത്- 'പിഎഫ്‌ഐ എന്ന സംഘടന ഭീകരസംഘടനയാണ്, ആ സംഘടനയ്ക്കുള്ളില്‍ ഒരുപാട് ഗൂഡാലോചനകള്‍ നടന്നിട്ടുണ്ട്, അത്തരം ആളുകളുമായി സിദ്ദീഖ് കാപ്പന്‍ വാട്ട്‌സ്ആപ്പ് ചാറ്റ് നടത്തി'- എന്നതായിരുന്നെന്നും അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു.

ഗൂഡാലോചനയില്‍ കാപ്പന് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. സിദ്ദീഖ് കാപ്പന്‍ പോവുന്ന വണ്ടികളില്‍ നിന്ന് ലഘുലേഖകള്‍ പിടിച്ചെടുത്തു എന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. ആ ലഘുലേഖകളില്‍ എന്താണുള്ളതെന്ന് കോടതി ചോദിച്ചപ്പോള്‍ ഹാഥ്‌റസില്‍ പോയി ലഹള നടത്താനുള്ള എല്ലാ വിഷയങ്ങളും അതിലുണ്ടെന്നായിരുന്നു മറുപടി. ലഘുലേഖ കോടതിയെ കാണിക്കുകയും ചെയ്തു.

അതില്‍ 'ജസ്റ്റിസ് ഫോര്‍ ഹാഥ്‌റസ് വിക്ടിം (ഹാഥ്‌റസ് ഇരയ്ക്ക് നീതി നല്‍കുക) എന്നും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം തീരുമാനിച്ചിട്ടുണ്ടെന്നും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതാണോ പ്രകോപനപരമായിട്ട് നിങ്ങള്‍ക്ക് തോന്നിയത് എന്ന് ജസ്റ്റിസ് യു.യു ലളിത് ചോദിച്ചു. ഇതിന് വ്യക്തമായ മറുപടി പ്രോസിക്യൂഷന് ഉണ്ടായിരുന്നില്ലെന്നും അഡ്വ. ഹാരിസ് ബീരാന്‍ വ്യക്തമാക്കി.

ആ ലഘുലേഖയുടെ ബാക്കിയുള്ള പേജുകളില്‍ അമേരിക്കയില്‍ നടന്ന 'ബ്ലാക്ക് ലിവ്‌സ് മാറ്റര്‍' പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അത് പ്രോസിക്യൂഷന്‍ ചെയ്തതാണെന്നാണ് തങ്ങളുടെ വാദമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതോടെതന്നെ ഈ ലഘുലേഖ വാഹനത്തിലുണ്ടായിരുന്നോ എന്നും അതിലുള്ള കാര്യങ്ങള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണോ എന്നും കോടതിക്ക് സംശയം തോന്നി.

മാത്രമല്ല, ലഘുലേഖയില്‍ പ്രതിഷേധത്തെ കുറിച്ചാണ് പറയുന്നത്. പ്രതിഷേധം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഭരണഘടന അംഗീകരിച്ചതാണെന്നും കോടതി വ്യക്തമാക്കി. അതെങ്ങനെയാണ് ലഹള എന്നും പ്രകോപനപരമെന്നും നിങ്ങള്‍ വ്യാഖ്യാനിക്കുന്നതെന്നും കോടതി ചോദിച്ചു. ലഹള എന്നൊരു വാക്ക് ലഘുലേഖകളില്‍ എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതൊന്നും കാണിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെ ഈ കേസിന്റെ അടിത്തറ ദുര്‍ബലമാണെന്നും യുഎപിഎ കേസ് നിലനില്‍ക്കാനുള്ള വിശ്വാസ യോഗ്യമായ തെളിവുകള്‍ ഇല്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കിയത്.

തൊഴിലിന്റെ ഭാഗമായാണ് കാപ്പന്‍ ഹാഥ്‌റസില്‍ പോയതെന്നും അദ്ദേഹത്തിന് പി.എഫ്.ഐ എന്ന സംഘടനയുമായി യാതൊരു ബന്ധമില്ലെന്നും തങ്ങള്‍ വാദിച്ചതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തേജസ് എന്ന അവരുടെ പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ആയിരുന്നു എന്നത് മാത്രമാണ് അവരുമായി ആകെയുള്ള ബന്ധമെന്നും അതുതന്നെ തൊഴില്‍പരമായ ബന്ധമാണെന്നും ചൂണ്ടിക്കാട്ടിയെന്നും അഡ്വ. ഹാരിസ് ബീരാന്‍ വ്യക്തമാക്കി.

തേജസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന പി. കോയയുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍, ചീഫ് എഡിറ്ററും ഡല്‍ഹിയിലെ റിപ്പോര്‍ട്ടറും തമ്മിലുള്ള ചാറ്റിങ് എന്നതില്‍ കവിഞ്ഞുള്ളതൊന്നും അതില്‍ കാണിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനാല്‍ ആ തെളിവുകളും കോടതി തള്ളി.

പി. കോയയുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റില്‍- 'തേജസ് എന്ന പത്രത്തിന്റെ പ്രസ്ഥാനവുമായി തനിക്കൊരിക്കലും യോജിക്കാന്‍ ആവില്ലെന്നും അതിന്റെ ആശയവുമായി ഒത്തുപോകാനാവില്ല' എന്നും കാപ്പന്‍ പറയുന്നുണ്ട്. എന്നാല്‍ അത് മലയാളം ആയതിനാല്‍ യുപി സര്‍ക്കാരിനും പൊലീസിനും പ്രോസിക്യൂഷനും മനസിലാവാത്തത് ആയിരിക്കും. ആ ഒരു മെസേജോടു കൂടി അവരുന്നയിക്കുന്ന ആരോപണങ്ങള്‍ തകരുകയാണ്. കാരണം പോപുലര്‍ഫ്രണ്ടുമായി ഒരു തരത്തിലുമുള്ള ബന്ധവും കാപ്പനില്ല എന്ന തങ്ങളുടെ വാദത്തിന്റെ ഏറ്റവും വലിയ സാധൂകരണം ആണ് പി. കോയയുമായുള്ള വാട്ട്്‌സ്ആപ്പ് ചാറ്റ്.

ഇതു കൂടാതെ ചുമത്തിയിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലഖ്‌നൗ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നിലവില്‍ കാപ്പനെ മൂന്ന് ദിവത്തിനകം മോചിപ്പിക്കണം എന്നാണ് വിചാരണ കോടതിയോട് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്. ആ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ കേസിലും ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News