കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയെന്ന പ്രസ്താവന; അമിത് ഷായ്ക്കെതിരെ അവകാശ ലംഘന നോട്ടീസുമായി സി.പി.ഐ
രാജ്യസഭയെ അമിത് ഷാ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചെന്നും പി. സന്തോഷ് കുമാര്‍ എം.പി നോട്ടീസിൽ കുറ്റപ്പെടുത്തി
ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസുമായി സി.പി.ഐ . വയനാട് ദുരന്തത്തിൽ യഥാസമയം മുന്നറിപ്പ് നൽകിയില്ലെന്നു നോട്ടീസിൽ പറയുന്നു. രാജ്യസഭയെ അമിത് ഷാ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചെന്നും പി. സന്തോഷ് കുമാര്‍ എം.പി നോട്ടീസിൽ കുറ്റപ്പെടുത്തി.
നേരത്തെ കോൺഗ്രസും അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ജയറാം രമേശ് എം.പിയാണ് നോട്ടീസ് നൽകിയത്. ‘കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു’ -അവകാശലംഘന നോട്ടീസിൽ പറയുന്നു.
ഉരുൾപൊട്ടൽ സംബന്ധിച്ച് ജൂൺ 23ന് രണ്ട് തവണ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ഏഴ് ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിട്ടും ഉരുൾപൊട്ടൽ മേഖലയിൽനിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്ന് ചോദിച്ച അദ്ദേഹം മുന്നറിയിപ്പ് ലഭിച്ചശേഷം കേരളം എന്തു ചെയ്തുവെന്നും ചോദിച്ചിരുന്നു.