നിതീഷ് കുമാർ ഡൽഹിയിൽ തുടരുന്നു; ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയേക്കും
ഇന്നലെ സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആർ.ജെ.ഡി നേതാവ് ശരത് യാദവ് എന്നിവരെ നിതീഷ് കണ്ടിരുന്നു
ഡല്‍ഹി: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിൽ തുടരുന്നു. എൻ.സി.പി അധ്യക്ഷൻ ശരത് പവാർ ഉൾപ്പെടെയുള്ള നേതാക്കളുമായി നിതീഷ് ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആർ.ജെ.ഡി നേതാവ് ശരത് യാദവ് എന്നിവരെ നിതീഷ് കണ്ടിരുന്നു . 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. നിതീഷ് കുമാറിന്‍റെ ഡൽഹി സന്ദർശനത്തിനോട് അനുകൂല സമീപനമാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ഉള്ളത്.
പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് നിതീഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകരുതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു . 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കൂടിക്കാഴ്ചകളിലാണ് നിതീഷ് കുമാർ. അതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെ നേരിൽ കണ്ട് സൗഹൃദം പുതുക്കുകയാണ്.